'രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് സംബന്ധിച്ച് കോൺഗ്രസിന് നിലപാടില്ല'; എ വിജയരാഘവൻ

'വ്യക്തി സ്വാതന്ത്ര്യം പോലെ രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാമെന്ന് പറയുന്നത് ചാഞ്ചാട്ട സമീപനം'
'രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് സംബന്ധിച്ച് കോൺഗ്രസിന് നിലപാടില്ല'; എ വിജയരാഘവൻ

മലപ്പുറം: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് സംബന്ധിച്ച് കോൺഗ്രസിന് നിലപാടില്ലെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. തീവ്ര ഹിന്ദുത്വ ശക്തികളോട് ചാഞ്ചാടുന്ന സമീപനമാണ് കോൺഗ്രസിന്. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അത് തിരിച്ചടിയായി. വ്യക്തി സ്വാതന്ത്ര്യം പോലെ രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാമെന്ന് പറയുന്നത് ചാഞ്ചാട്ട സമീപനമെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. മതനിരപേക്ഷത ഉയർത്തി പിടിക്കുന്നതിലുള്ള കുറവാണത്. വിശ്വാസത്തെ രാഷ്ട്രീയവുമായി കൂട്ടിയിണക്കുന്നതാണ് രാമക്ഷേത്ര ചടങ്ങ്. മുസ്‌ലിം ദേവാലയം പൊളിച്ച് രാമന്റെ പേരിൽ ഹൈന്ദവ ദേവാലയം പണിയുന്നത് ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് അന്ത്യം കുറിക്കലാണെന്നും എ വിജയരാഘവൻ ചൂണ്ടിക്കാണിച്ചു. രാജ്യത്ത് ഉയർന്നു വന്ന വിമർശനങ്ങളെ ഉൾക്കൊള്ളാൻ കോൺഗ്രസിന് കഴിഞ്ഞതാണ് അവരുടെ നിലപാടിനു പിന്നിലെന്നും വിജയരാഘവൻ പറഞ്ഞു.

രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് ബിജെപിയുടെ നീക്കം. ആർഎസ്എസിന് കൊടുത്ത വാഗ്ദാനം ബിജെപി പാലിക്കുന്നു. ഇടതുപക്ഷം അതുകൊണ്ടാണ് എതിർത്തത്. പരിപാടി രാജ്യത്തിൻ്റെ പൊതുതാൽപ്പര്യത്തിന് എതിരാണ്. ചടങ്ങ് രാജ്യത്ത് വർഗീയ സംഘർഷങ്ങളെ വളർത്തും.

ഗവർണർ ഭരണഘടന ചുമതലകൾ നിർവഹിക്കുന്നില്ല. അപ്പോൾ വിമർശിക്കപ്പെടും. മലപ്പുറത്ത് കോൺഗ്രസ് പരിപാടിയിലേക്ക് ഗവർണറെ കൊണ്ടുവന്നു. ഗവർണറുടെ ഭരണഘടന ലംഘനത്തെ എതിർക്കാൻ കോൺഗ്രസ് തയ്യാറല്ല. ഇടതു സർക്കാർ ദുർബലപ്പെടണം എന്നാണ് അവരുടെ ചിന്ത. അതിനായി കോൺഗ്രസ് ബിജെപിയെ പിന്തുണയ്ക്കുന്നുവെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

സമാധാനപരമായ പ്രതിഷേധത്തെ ആരും അടിച്ചമർത്തിയിട്ടില്ല. സമരത്തിന്റെ പേരിൽ പ്രതിപക്ഷം കലാപാഹ്വാനം നടത്തി. അക്രമത്തെ മൗലിക അവകാശം ആക്കണം എന്നതാണ് കോൺഗ്രസിന്റെ ആവശ്യം. പൊതുമുതൽ നശിപ്പിച്ചാൽ നിയമ നടപടി ഉണ്ടാകും. നിയമ വ്യവസ്ഥയിൽ നടക്കുന്ന കാര്യമാണ് ഉണ്ടായത്. മുൻകാലങ്ങളിൽ കോൺഗ്രസ് നടത്തിയതും ഇതു തന്നെയാണ്. മഹാത്മാ ഗാന്ധി ജയിലിൽ കിടന്ന പോലെയല്ല രാഹുൽ മാങ്കൂട്ടത്തിലിന്റെ ജയിൽവാസം.

യുഡിഎഫിനെ നിയന്ത്രിക്കുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗ്. ധാരാളം അസ്ലംബ്ലി സീറ്റിൽ മത്സരിക്കാറുണ്ട്. പാർലമെന്റ് സീറ്റിന്റെ കാര്യം അവർ തീരുമാനിക്കട്ടെ. യുഡിഎഫിന്‍റെ ഉള്ളിലെ കാര്യമാണതെന്നും വിജയരാഘവൻ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com