എം വിജിൻ എംഎൽഎയുടെ പരാതി: കണ്ണൂർ ടൗൺ എസ് ഐക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് അന്വേഷണ റിപ്പോർട്ട്

കലക്ട്രേറ്റിലേക്ക് നടത്തിയ കെജിഎൻഎയുടെ മാർച്ച് തടയുന്നതിലും പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്
എം വിജിൻ എംഎൽഎയുടെ പരാതി: കണ്ണൂർ ടൗൺ എസ് ഐക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് അന്വേഷണ റിപ്പോർട്ട്

കണ്ണൂർ: എം വിജിൻ എംഎൽഎയും പൊലീസും തമ്മിലുണ്ടായ വാക്കേറ്റത്തിൽ കണ്ണൂർ ടൗൺ എസ് ഐക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് അന്വേഷണ റിപ്പോർട്ട്. എ സി പി ടി കെ രത്നകുമാർ സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് എസ് ഐക്കെതിരെയുള്ള നടപടി ശുപാർശ. കലക്ട്രേറ്റിലേക്ക് നടത്തിയ കെജിഎൻഎയുടെ മാർച്ച് തടയുന്നതിലും പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കല്യാശ്ശേരി എംഎൽഎ എം വിജിനും പൊലീസും തമ്മിൽ ജനുവരി നാലിന് കണ്ണൂർ കലക്ടറേറ്റിൽ വെച്ചുണ്ടായ വാക്കേറ്റത്തിൽ ടൗൺ എസ് ഐ പി പി ഷമീലിനെതിരെ നടപടി ശുപാർശ ചെയ്ത് പൊലീസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. എസ് ഐ അപമര്യാദയായി പെരുമാറി എന്ന എം വിജിൻ എംഎൽഎയുടെ പരാതിയിൽ സിറ്റി പൊലീസ് കമ്മീഷണർ നിയോഗിച്ച അന്വേഷണത്തിലാണ് എസ്ഐക്കെതിരെ നടപടി ശുപാർശ ചെയ്തുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചത്.

എ സി പി ടി കെ രത്നകുമാർ നടത്തിയ അന്വേഷണത്തിലാണ് എസ് ഐക്ക് വ്യക്തിപരമായും പൊലീസിനും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. സംയമനത്തോടെ പരിഹരിക്കാവുന്ന പ്രശ്നം വഷളാക്കിയത് ടൗൺ എസ് ഐ പി പി ഷമീലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കെജിഎൻഎയുടെ മാർച്ച് നടക്കുന്ന സമയത്ത് കലക്ടറേറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്നാണ് എ സി പിയുടെ അന്വേഷണ റിപ്പോർട്ട്. ഇന്നലെ വൈകുന്നേരമാണ് എ സി പി സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറിയത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുൾപ്പെടെയുള്ള നേതാക്കൾ വിഷയത്തിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. അതിന് എ സി പി കൈമാറിയ അന്വേഷണ റിപ്പോർട്ടിലും നടപടി ശുപാർശ ചെയ്തതോടെ എസ് ഐക്കെതിരെ വകുപ്പ് തല നടപടി ഉറപ്പായി. സിറ്റി പൊലീസ് കമ്മീഷണറാണ് എസ് ഐക്കെതിരെ എന്ത് നടപടി വേണമെന്ന് നിശ്ചയിക്കേണ്ടത്.

നേരത്തെ എം വിജിൻ എംഎൽഎ നൽകിയ പരാതിയെ തുടർന്ന് എ സി പി ടി കെ രത്നകുമാറിന് ചുമതല നൽകി അന്വേഷത്തിന് സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിട്ടിരുന്നു. സമരത്തിന്റെ ഉദ്ഘാടകനായി എത്തിയ തന്റെ കയ്യിൽ നിന്ന് പൊലീസ് മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു. പ്രകോപിതരാക്കുന്ന രീതിയിൽ മോശമായി പെരുമാറുകയും ചെയ്തെന്ന് എംഎൽഎ ആരോപിച്ചു. ഇതാണ് വാക്കേറ്റത്തിലേക്ക് നയിച്ചതെന്നും അല്ലാതെ തന്നോട് പേര് ചോദിച്ചതല്ല പ്രശ്നത്തിന് കാരണമെന്നും വെളളിയാഴ്ച എംഎൽഎ റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു.

കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ നഴ്‌സുമാരുടെ സമരത്തിനിടെയാണ് പൊലീസും എംഎല്‍എയും തമ്മില്‍ വാക്കേറ്റമുണ്ടായത്. സിവില്‍ സ്റ്റേഷൻ വളപ്പില്‍ സമരം നടത്തുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം. സിവില്‍ സ്റ്റേഷന്‍ പ്രധാന കവാടത്തില്‍ മാര്‍ച്ച് അവസാനിപ്പിക്കുന്നതിന് പകരം സിവില്‍ സ്റ്റേഷന്‍ വളപ്പിനുള്ളിലാണ് മാര്‍ച്ച് അവസാനിപ്പിച്ചത്. പിണറായി വിജയന്റെ പൊലീസിന് പേരുദോഷം ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കേണ്ടെന്നും കണ്ണൂര്‍ ടൗണ്‍ എസ്‌ഐയ്ക്ക് വിജിന്‍ എംഎല്‍എ താക്കീത് നല്‍കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com