'രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെ'; പരിഹാസവുമായി മന്ത്രി സജി ചെറിയാൻ

'ജയിൽ വാസം രാഷ്ട്രീയ പ്രക്രിയയുടെ ഭാഗം'
'രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെ'; പരിഹാസവുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ജയിൽ വാസം രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമെന്ന് മന്ത്രി സജി ചെറിയാൻ. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സജി ചെറിയാൻ. ജയിലിൽ പോകാൻ താത്പര്യപ്പെടുന്നവരാണ് എപ്പോഴും പൊതു പ്രവർത്തനത്തിൽ മുന്നോട്ട് വരുന്നത്. നിയമ വിരുദ്ധമായി ഒരു കാര്യവും സർക്കാർ ചെയ്യില്ല. അക്രമത്തിന് നേതൃത്വം നല്കിയതിനാണ് അറസ്റ്റ് ചെയ്തതെന്നും സജി ചെറിയാൻ വ്യക്തമാക്കി. അക്രമം നടത്താൻ മുൻകയ്യെടുത്ത ആരാണ് ജയിലിൽ പോകാത്തതെന്നും സജി ചെറിയാൻ ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിൽ മാധ്യമങ്ങൾക്കെതിരെ സജി ചെറിയാന്‍ വിമര്‍ശനം ഉന്നയിച്ചു. 'മാധ്യമങ്ങൾ ചില ആളുകൾക്ക് പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. മാധ്യമങ്ങൾ പുതിയ കുറെ നേതാക്കളെ സൃഷ്ടിക്കുന്നു. ഇന്ന് ഈ മന്ത്രി സഭയിൽ ആരാണ് ജയിലിൽ പോകാത്തത്. ഞാൻ അടക്കം ജയിലിൽ പോയിട്ടുണ്ട്. അന്ന് ഒരു മാധ്യമങ്ങളും സഹായത്തിനു ഉണ്ടായിട്ടില്ല. മാധ്യമങ്ങളുടെ സഹായം അന്നുണ്ടായിരുന്നെങ്കിൽ ഞാനിന്ന് ലോകപ്രശസ്തനായേനെ'യെന്നും സജി ചെറിയാൻ. രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെയെന്നും മന്ത്രി സജി ചെറിയാൻ പരിഹസിച്ചു.

സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിൽ അറസ്റ്റിലായ യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. രാഹുൽ നൽകിയ ജാമ്യഹർജി കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 2 കോടതിയാണ് ഹർജി തള്ളിയത്. 14 ദിവസത്തേക്കാണ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.

ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ കേട്ടതിന് ശേഷമായിരുന്നു കോടതി രാഹുലിന് ജാമ്യം നിഷേധിച്ചത്. രാഹുലിന് ന്യൂറോ സംബന്ധമായ അസുഖമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വൈദ്യ പരിശോധനയിൽ രാഹുലിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തുകയും രാഹുലിന് ജാമ്യം നിഷേധിക്കുകയുമായിരുന്നു.

നിയമവിരുദ്ധമായി സംഘം ചേർന്നു. കലാപാഹ്വാനം നടത്തി. പൂജപ്പുര എസ്എച്ച്ഒയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പൊലീസുകാർക്ക് അടക്കം പരിക്കേറ്റ ആക്രമണങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം നൽകി. ആക്രമണത്തിന് നേതൃത്വം നൽകിയ പ്രതികളെ പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്നും ബലമായി മോചിപ്പിച്ച് രക്ഷപെടുത്തി. സർക്കാർ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. രാഹുലിന് ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. രാഹുലിൻ്റേതും സംഘത്തിൻ്റേതും നിയമവിരുദ്ധ സംഘം ചേരൽ. പൊലീസിനെ അക്രമിച്ച പട്ടികകളുമായി എന്തിനാണ് മാർച്ചിന് വന്നതെന്നും കോടതി ചോദിച്ചിരുന്നു. സംഘർഷത്തിൻ്റെ തെളിവായി വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കിയായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com