മാനദണ്ഡപ്രകാരമുള്ള റോഡ് സൗകര്യമില്ല; റീഗൽ ഫ്ലാറ്റ് കെട്ടിട സമുച്ചയത്തിന് ഫയർ എൻഒസിയും ലഭിച്ചു

അനധികൃതമായി കെട്ടിപ്പൊക്കിയ കെട്ടിടത്തിന് ഫയർ എൻഒസി നൽകിയത് ഒരു പരിശോധനയും കൂടാതെ
മാനദണ്ഡപ്രകാരമുള്ള റോഡ് സൗകര്യമില്ല; റീഗൽ ഫ്ലാറ്റ് കെട്ടിട സമുച്ചയത്തിന് ഫയർ എൻഒസിയും ലഭിച്ചു

കൊച്ചി: ഇല്ലാത്ത റോഡ് ഉണ്ടെന്ന് കാണിച്ച് കൊച്ചി നഗരമധ്യത്തിൽ കെട്ടിപ്പൊക്കിയ 10 നില റീഗൽ ഫ്ലാറ്റ് കെട്ടിട സമുച്ചയത്തിന് ഫയർ എൻഒസിയും ലഭിച്ചു. ഫയർ എൻഒസിയുടെ പകർപ്പ് റിപ്പോർട്ടർ പുറത്ത് വിട്ടു. അനധികൃതമായി കെട്ടിപ്പൊക്കിയ കെട്ടിടത്തിന് ഫയർ എൻഒസി നൽകിയത് ഒരു പരിശോധനയും കൂടാതെയാണെന്ന് വ്യക്തം.

2004 സെപ്റ്റംബർ മാസം ഇരുപത്തിരണ്ടാം തീയതിയാണ് റീഗൽ ഫ്ലാറ്റ് കെട്ടിട സമുച്ചയത്തിന് ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയത്. തിരുവനന്തപുരത്തെ ഫയർഫോഴ്സ് ആസ്ഥാനത്തുനിന്നാണ് എൻഒസി നൽകിയിരിക്കുന്നത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കമാൻഡൻ്റ് ജനറൽ ആണ് എൻഒസിയിൽ ഒപ്പു വച്ചിരിക്കുന്നത്. റോഡ് ഉണ്ടോ എന്ന് പ്രാഥമിക പരിശോധന പോലും നടത്താതെയാണ് ഇത്തരത്തിൽ ചട്ടവിരുദ്ധമായി എൻഒസി നൽകിയതെന്ന് വ്യക്തം.

അപേക്ഷയിൽ പറയുന്നത് പോലെ വഴിയുണ്ടോ എന്ന വ്യക്തമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സാധാരണഗതിയിൽ ഫയർ എൻഒസി കൊടുക്കാറുള്ളൂ. ഒരു തീപിടുത്തമുണ്ടായാൽ ഫയർ ഫോഴ്സ് വാഹനങ്ങൾ ഇവിടേയ്ക്ക് എങ്ങനെ കയറുമെന്ന ഒരു പരിശോധനയുമില്ലാതെയാണ് എൻഒസി. ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ഏഴു മീറ്റർ റോഡ് ഉണ്ടെന്ന് കാണിച്ചായിരുന്നു കെട്ടിട അനുമതി നേടിയത്. എന്നാൽ അങ്ങനെ ഒരു റോഡ് ഇല്ലെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. റോഡിൻറെ രേഖകൾ ഹാജരാക്കാൻ കോർപ്പറേഷൻ ആവശ്യപ്പെട്ടപ്പോൾ അത് ഹാജരാക്കാതെ വന്നതോടെയാണ് കെട്ടിടം പൊളിച്ചുനീക്കാൻ കോർപ്പറേഷൻ നടപടി എടുത്തത്.

ഫ്ലാറ്റ് ഏഴു മീറ്റർ റോഡ് ആയി കാണിച്ച സ്ഥലത്തിന്റെ ഒരു ഭാഗം ജിസിഡിഎയുടെ ഭൂമിയും മറ്റൊരു ഭാഗം സ്വകാര്യ വ്യക്തിയുടെ വസ്തുവാണ്. റീഗൽ ഫ്ലാറ്റിന് യഥാർത്ഥത്തിൽ മറ്റൊരു ഭാഗത്തുകൂടി നാലുമീറ്റർ വീതിയിലുള്ള വഴിയാണുള്ളത്. എന്നാൽ ഈ വഴിയെക്കുറിച്ച് കെട്ടിട അനുമതിക്കുള്ള അപേക്ഷയിൽ പറഞ്ഞിരുന്നില്ല. പകരം ഇല്ലാത്ത 7 മീറ്ററാണ് കാണിച്ചത്. 4 മീറ്റർ റോഡിന് ബഹുനില കൂറ്റൻ കെട്ടിടം പണിയാൻ അനുമതി കിട്ടില്ല എന്നത് കൊണ്ടാണ് ഇത്തരത്തിൽ ക്രമക്കേട് കാണിച്ചത്. ഫയർഫോഴ്സിന്റെ വാഹനം കയറാൻ വഴിയില്ലാത്ത ഇടത്ത് എങ്ങനെയാണ് പത്തു നില കെട്ടിടത്തിന് എൻഒസി കൊടുത്തതെന്ന് ചോദ്യം ബാക്കിയാണ്. എൻഒസിയുടെ പേരിൽ നടന്നത് വൻ അട്ടിമറിയാണെന്ന് വ്യക്തം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com