ഓർത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപൊലീത്തക്കെതിരെ ഫാ.മാത്യൂസ് വാഴക്കുന്നം; ശബ്ദരേഖ പുറത്ത്

ഭദ്രാസനാധിപന്റെ ചെയ്തികൾ പുറത്ത് വിടുമെന്ന് ശബ്ദരേഖയിൽ ഭീഷണിയുണ്ട്
ഓർത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപൊലീത്തക്കെതിരെ ഫാ.മാത്യൂസ് വാഴക്കുന്നം; ശബ്ദരേഖ പുറത്ത്

പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപൊലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിനെ വിമർശിക്കുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്ത്. ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ ഫാ.മാത്യൂസ് വാഴക്കുന്നം ആരോപണം ഉന്നയിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് ഫാ.മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നിലയ്ക്കൽ ഭദ്രാസനാധിപനെ ഫാ.മാത്യൂസ് വാഴക്കുന്നം വിമർശിച്ചിരിക്കുന്നത്. ഭദ്രാസനാധിപന്റെ ചെയ്തികൾ പുറത്ത് വിടുമെന്ന് ശബ്ദരേഖയിൽ ഭീഷണിയുണ്ട്.

ഫാ. ഷൈജു കുര്യനെതിരെ നൽകിയ പരാതിയും പുറത്തുവന്നിരുന്നു. റിയൽ എസ്റ്റേറ്റ് ഇടപാടുകളും സ്വഭാവദൂഷ്യ ആരോപണങ്ങളും അടക്കമുള്ള കാര്യങ്ങൾ പരാതിയിലുണ്ട്. വ്യാജവൈദികനെ പള്ളിയിൽ ഇറക്കിയെന്നും പരാതിയിൽ ആരോപണമുണ്ട്. വൈദികരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അടക്കം ഈ പരാതിയും ശബ്ദരേഖയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വൈദികർ അച്ചടക്കം ലംഘിക്കുന്നതിനെതിരെ നേരത്തെ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കല്പനയിറക്കിറക്കിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിക്കുന്ന നിലയിലാണ് വൈദികർക്കിടയിലെ പരസ്പര ആരോപണപ്രത്യാരോപണങ്ങൾ വളരുന്നത്. ഇതിനിടെ ഫാ. ഷൈജു കുര്യനെതിരെ നടപടി എടുത്തതിൽ വിശ്വാസികളും വൈദികരും റാന്നിയിലെ അരമനയ്ക്ക് മുന്നിൽ പ്രതിഷേധിക്കും. ഫാ. ഷൈജു കുര്യനെതിരെ നിലയ്ക്കൽ ഭദ്രാസന കൗൺസിൽ എടുത്ത നടപടിയിൽ വ്യക്തതയില്ലെന്ന ആരോപണമാണ് വിശ്വാസി കൂട്ടായ്മയുടെ ആരോപണം.

ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറിയാണ് ബിജെപി അംഗത്വം സ്വീകരിച്ച ഫാ. ഷൈജു കുര്യൻ. എന്‍ഡിഎയുടെ ക്രിസ്മസ് സ്‌നേഹസംഗമം വേദിയില്‍വെച്ച് കേന്ദ്രമന്ത്രി വി മുരളീധരനിൽ നിന്നാണ് ഷൈജുകുര്യൻ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. അദ്ദേഹത്തിനൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേർ അംഗത്വം സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.

ഓർത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപൊലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിനെ വിമർശിക്കുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖയുടെ പൂർണ്ണരൂപം

"നിലയ്ക്കൽ ഭദ്രാസനാധിപൻ എന്തെങ്കിലും വിശദീകരണം എന്നോട് ചോദിച്ചിട്ടുണ്ടെങ്കിൽ സഭയുടെ പ്രധാനപ്പെട്ട ചുമതലയിലിരിക്കുന്ന കോനാട്ട് അച്ഛനോട് വിശദീകരിച്ചിട്ടുണ്ട്. ഈ നിക്കോദിമസ് ചെയ്തിട്ടുള്ള കാര്യങ്ങൾ പുറത്ത് വിടുന്നതാണ്.എന്റെ പേരിൽ ഒരു കൽപ്പന ഇറക്കേണ്ട ഒരാവശ്യവും ഇദ്ദേഹത്തിനില്ല. എന്റെ നേരെ വന്ന വക്കീൽ നോട്ടീസിന് പകരമായിട്ടുള്ള ഒരു പ്രതികരണമാണ് ഞാൻ നടത്തിയിട്ടുള്ളത് .അത് കൊണ്ട് ജോഷ്യാ മാർ നിക്കോദിമോസ് തിരുമേനിയുടെ ഈ കൽപ്പന മാനിക്കാൻ സാധിക്കുകയില്ല. സഭയ്ക്ക് വസ്തുക്കച്ചവടം നടത്തുന്ന അച്ചൻമാർ മതിയെങ്കിൽ കൊണ്ട് നടന്നോളൂ ,എന്നെ മുടക്കിക്കോളൂ . ഞാൻ എങ്ങനെയുള്ള അച്ചനാണെന്ന് നാട്ടുകാർക്കറിയാം. മുടക്കണമെങ്കിൽ മുടക്കിക്കോ. നിക്കോദിമോസേ ഡാഷ് മോനേ നിന്റെ കൽപ്പനയ്ക്ക് മറുപടി തരാൻ എനിക്ക് മനസ്സില്ലെടാ.."

Related Stories

No stories found.
logo
Reporter Live
www.reporterlive.com