സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ബൃന്ദ കാരാട്ട് എന്നെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ
ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബൃന്ദ കാരാട്ട് എന്നെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ്റെ ചോദ്യം. ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതായും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാനെ ബൃന്ദ കാരാട്ട് രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ബിജെപി നിർദ്ദേശ പ്രകാരമാണ് കേരള സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ ഗവണർ ഇടപെടുന്നതെന്ന് വിമർശിച്ച ബൃന്ദ കാരാട്ട് ഗവർണറോട് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനും നിർദ്ദേശിച്ചിരുന്നു. 'കേരള ഗവർണർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുക്കുന്നത് കൂടുതൽ ഉചിതമായിരിക്കും, കേരളത്തിലെ ഏതെങ്കിലും സീറ്റിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുക' എന്നായിരുന്നു ബൃന്ദയുടെ നിർദ്ദേശം. ഇതിന് മറുപടിയുമായാണ് ഗവർണർ രംഗത്ത് വന്നത്.

ഇതിനിടെ സർക്കാർ ക്രിസ്തുമസ് - പുതുവത്സര വിരുന്നിന് ക്ഷണിച്ചിരുന്നതായും ഗവർണർ വെളിപ്പെടുത്തി. ക്ഷണക്കത്ത് രാജ്ഭവനിൽ ലഭിച്ചിട്ടുണ്ട്. എന്നിട്ടും പങ്കെടുക്കാത്തത് എന്തു കൊണ്ടാണെന്ന് തന്നോട് ചോദിക്കുന്നത് പോലെ ബൃന്ദ കാരാട്ട് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഗവർണർ സ്വകാര്യമായി പരിഹരിക്കണമെന്നും നിരന്തരമായ പരസ്യ പ്രഖ്യാപനങ്ങളിലൂടെ തന്റെ പദവിയുടെ അന്തസ്സ് കെടുത്തരുതെന്നും ബൃന്ദ കാരാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സംസ്ഥാന സർക്കാരും-ഗവർണറും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഗവർണർക്കെതിരെ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്ത് വന്നത്. കേരള നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാത്തത് ഉൾപ്പെടെ വ്യത്യസ്ത വിഷയങ്ങളുടെ പേരിലാണ് ഗവർണർ-സർക്കാർ ബന്ധം വഷളായിരിക്കുന്നത്. ഇതിനിടയിലായിരുന്നു സിപിഐഎമ്മിൻ്റെ മുതിർന്ന ദേശീയ നേതാവ് ബൃന്ദ കാരാട്ട് ഗവർണറെ വിമർശിച്ച് രംഗത്ത് വന്നതും ഗവർണർ മറുപടി പറഞ്ഞതും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com