സെനറ്റ് നാമനിർദ്ദേശം: ഹൈക്കോടതിയിൽ നൽകേണ്ട സത്യവാങ്മൂലം, വി സിയും രജിസ്ട്രാറും തമ്മിൽ തർക്കം

രജിസ്ട്രാർ തയ്യാറാക്കിയ സത്യവാങ്മൂലം വൈസ് ചാൻസലർ വെട്ടുകയായിരുന്നു
സെനറ്റ് നാമനിർദ്ദേശം: ഹൈക്കോടതിയിൽ നൽകേണ്ട സത്യവാങ്മൂലം, വി സിയും  രജിസ്ട്രാറും തമ്മിൽ തർക്കം

തിരുവന്തപുരം: സെനറ്റ് നാമനിർദേശത്തെ ചൊല്ലി കേരള സർവകലാശാലയിൽ വീണ്ടും ഏറ്റുമുട്ടൽ. ഹൈക്കോടതിയിലുള്ള കേസിൽ സമർപ്പിക്കേണ്ട സത്യവാങ്മൂലത്തെ ചൊല്ലി വൈസ് ചാൻസലറും രജിസ്ട്രാറും തമ്മിലാണ് തർക്കം. രജിസ്ട്രാർ തയ്യാറാക്കിയ സത്യവാങ്മൂലം വൈസ് ചാൻസലർ വെട്ടുകയായിരുന്നു. സെനറ്റിലേക്കുള്ള വിദ്യാർഥികളുടെ നാമനിർദേശത്തിൻ്റെ കാര്യത്തിൽ സർവകലാശാല അവലംബിക്കുന്ന കീഴ്വഴക്കം പറയുന്ന ഭാഗമാണ് വിസി ഒഴിവാക്കിയത്. തിരുത്തിയ സത്യവാങ്മൂലം ഒപ്പിടാൻ രജിസ്ട്രാർ ഇതുവരെ തയ്യാറായിട്ടില്ല.

സെനറ്റ് നാമനിർദ്ദേശവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വൈസ് ചാൻസലറും സർവ്വകലാശാല നേതൃത്വവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയാണ്. സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ നാമനിർദ്ദേശം ചെയ്ത ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ സമർപ്പിക്കാനായാണ് രജിസ്ട്രാർ സത്യവാങ്മൂലം തയ്യാറാക്കിയതും വിസിയുടെ ഇടപെടൽ ഉണ്ടായതും.

മുൻ വർഷങ്ങളിൽ വിദ്യാർത്ഥി പ്രതിനിധികളെ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്യാൻ അവലംബിക്കുന്ന രീതി രജിസ്ട്രാർ തയ്യാറാക്കിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിസി ഇത് ഒഴിവാക്കി. പകരം ചാൻസലർക്ക് സർവകലാശാല പട്ടിക നൽകിയിട്ടില്ലെന്നും അതിൻ്റെ നടപടികൾ പൂർത്തിയായിരുന്നില്ല എന്നും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. വൈസ് ചാൻസലർ തിരുത്തിയതോടെ സത്യവാങ്മൂലം ഫയൽ ചെയ്യാൻ രജിസ്ട്രാർ തയ്യാറായില്ല. വസ്തുത മറച്ചു വച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാനാകില്ലെന്ന് രജിസ്ട്രാർ ഡോ. അനിൽ കുമാർ നിലപാട് എടുത്തു. വൈസ് ചാൻസലർ പറയുന്നതിന് അനുസൃതമായാണ് സത്യവാങ്മൂലം തയ്യാറാക്കേണ്ടത് എന്നാണ് വിസി മോഹനൻ കുന്നുമ്മെലിൻ്റെ വാദം.

തർക്കത്തിന് പരിഹാരം കാണാനാതാത്ത സാഹചര്യത്തിൽ സർവകലാശാലയുടെ സത്യവാങ്മൂലം ഇല്ലാതെയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി കേസ് പരിഗണിച്ചത്. സത്യവാങ്മൂലത്തിൽ ഇടപെട്ടതിനെ ചൊല്ലി ഒരു ഇടത് സിൻഡിക്കേറ്റ് അംഗവും വൈസ് ചാൻസലറും തമ്മിൽ വാക്പോരും അരങ്ങേറി.

നേരത്തെ കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധികളായി മതിയായ യോഗ്യത ഇല്ലാത്തവരെ ഗവർണർ നാമനിർദേശം ചെയ്തത് വിവാദമായിരുന്നു. സർവകലാശാല ശുപാർശ ചെയ്തവരേക്കാൾ വളരെ കുറഞ്ഞ യോഗ്യത ഉളളവരാണ് ഗവർണറുടെ ശുപാർശയിൽ സെനറ്റിൽ എത്തിയതെന്നായിരുന്നു ആക്ഷേപം. റാങ്ക് ജേതാക്കളെ തള്ളി സർവകലാശാല പരീക്ഷാ ഫലം കാത്ത് നിൽക്കുന്ന വിദ്യാർത്ഥിയെയാണ് പഠന മികവിന്റെ പേരിൽ നാമ നിർദേശം ചെയ്തത്. കലാപ്രതിഭയെ പോലും സെനറ്റിലേയ്ക്ക് തിരഞ്ഞെടുക്കാന്‍ ഗവർണർ തയ്യാറായില്ലെന്നും പരാതിയുണ്ടായിരുന്നു. ചാൻസിലർ ശുപാർശ ചെയ്ത നാല് പേരെയും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സർവ്വകലാശാല ശുപാർശ ചെയ്ത നാലു വിദ്യാര്‍ത്ഥികള്‍ സമർപ്പിച്ച ഹർജിയിലാണ് കോടതി സർവ്വകലാശലയുടെ വിശദീകരണം തേടിയിരിക്കുന്നത്.

കേരള സർവകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെ ചാൻസലറായ ഗവർണർക്ക് സെനറ്റിലേക്ക് ശുപാർശ ചെയ്യാം. സർവകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർത്ഥികളെ ചാൻസലർ നാമനിർദേശം ചെയ്യുന്നതാണ് കീഴ്വഴക്കം. ഇത് പ്രകാരം നാല് പേരുടെ ഒഴിവിലേക്ക് സർവകലാശാല എട്ട് പേരുടെ ലിസ്റ്റ് നൽകിയിരുന്നു. മാനവിക വിഷയങ്ങളിൽ ഒന്നാം റാങ്കുകാരായ നാല് വിദ്യാർത്ഥികൾ, സയൻസ് വിഭാഗത്തിൽ ബിഎസ്സി കണക്ക്, കമ്പ്യൂട്ടർ സയൻസ് ഒന്നാം റാങ്ക് ജേതാക്കൾ, കേരളാ സർവകലാശാലാ കലാപ്രതിഭ, ഒപ്പം കായിക മേഖലയിൽ നിന്ന് ദേശീയ ഇൻ്റർ യൂണിവേഴ്സിറ്റി വടംവലിയിൽ മെഡൽ ജേതാവ്, ഇവരായിരുന്നു സർവകലാശാലാ ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഈ ലിസ്റ്റ് അട്ടിമറിച്ച് ഗവർണർ നിയമം നടത്തിയെന്നായിരുന്നു ആക്ഷേപം.

കേരള സർവകലാശാലാ സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ ശുപാർശ ചെയ്ത ഗവര്‍‌ണറുടെ നടപടി പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സെനറ്റിലേക്ക് സർവകലാശാല ശുപാർശ ചെയ്ത നാല് വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ചിൻ്റേതായിരുന്നു നടപടി. സർവകലാശാല നിയമം 17(3) പ്രകാരം യോഗ്യതയുള്ളവരല്ല നാമ നിർദേശം ചെയ്യപ്പെട്ടതെന്നും ചാൻസിലർ ശുപാർശ ചെയ്ത നാല് പേരെയും പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com