ജസ്ന മരീചികയല്ല, കണ്ടെത്തും; അന്വേഷണം അവസാനിപ്പിക്കുന്നത് സാങ്കേതികമായി മാത്രമെന്നും ടോമിൻ തച്ചങ്കരി

''ഏതെങ്കിലും ഒരു കേസിന് ഏറെ നാളായി ലീഡ് ലഭിക്കുന്നില്ലെങ്കിൽ താത്കാലികമായി അവസാനിപ്പിക്കാറുണ്ട്. അതുതന്നെയാണ് ജസ്ന കേസിലും സംഭവിക്കുന്നത്''
ജസ്ന മരീചികയല്ല, കണ്ടെത്തും; അന്വേഷണം അവസാനിപ്പിക്കുന്നത് സാങ്കേതികമായി മാത്രമെന്നും ടോമിൻ തച്ചങ്കരി

ഇടുക്കി: ജസ്ന തിരോധാനക്കേസിൽ സിബിഐ കേസ് അവസാനിപ്പിച്ചത് സാങ്കേതികം മാത്രമെന്ന് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി. ജസ്ന മരീചികയല്ല, സിബിഐ എന്നെങ്കിലും ജസ്നയെ കണ്ടെത്തും. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് കണ്ടെത്താൻ കഴിയും. ഇപ്പോൾ നടക്കുന്നത് കോടതിയിൽ ക്ലോഷർ റിപ്പോർ‌ട്ട് സമർപ്പിക്കുക എന്ന സാങ്കേതിക പ്രക്രിയ മാത്രമാണ്. ഏതെങ്കിലും ഒരു കേസിന് ഏറെ നാളായി ലീഡ് ലഭിക്കുന്നില്ലെങ്കിൽ താത്കാലികമായി അവസാനിപ്പിക്കാറുണ്ട്. അതുതന്നെയാണ് ജസ്ന കേസിലും സംഭവിക്കുന്നത്.

എന്നെങ്കിലും ലീഡ് കിട്ടിയാൽ വീണ്ടും അന്വേഷിക്കും. ഇതൊരു കണ്ണി പോലെയാണ്, ഇതിൽ നിന്ന് എവിടെയെങ്കിലും ഒരു കണ്ണി മിസ് ആയാൽ തെളിവ് മാഞ്ഞുപോയേക്കാം. നിരവധി കേസുകൾ തെളിയിക്കപ്പെടാതെ കിടപ്പുണ്ട്. ജസ്ന കേസ് പൂർണ്ണമായി അടഞ്ഞുപോയി എന്ന് കരുതേണ്ടെന്നും തച്ചങ്കരി പറഞ്ഞു.

ആദ്യം കേസ് ലോക്കൽ പൊലീസ് അന്വേഷിച്ചു. പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ കൊവിഡ് പടർന്നു. ഇതോടെ സംസ്ഥാനങ്ങളുടെ അതിർത്തിയടച്ചു. കേസിൽ ലീഡ് ലഭിച്ച ഘട്ടമായിരുന്നു അത്. തമിഴ്നാട്ടിലേക്ക് പോയി അന്വേഷിക്കേണ്ടിയിരുന്നു. ലോക്ക്ഡൌൺ തുടർന്നതോടെ സംസ്ഥാനത്തുനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര നിരോധിക്കപ്പെട്ടു. ഇത് കേസന്വേഷണത്തെ ബാധിച്ചു. അപ്പോഴേക്കും ജസ്നയുടെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണം സിബിഐയ്ക്ക് കൈമാറി.

സിബിഐ തന്നോടും മറ്റ് അന്വേ‌ഷണ ഉദ്യോ​ഗസ്ഥരോടും അന്വേഷണത്തെ കുറിച്ച് ചോദിച്ചിരുന്നു. തങ്ങൾക്ക് ലഭിച്ച ലീഡുകൾ കൈമാറിയിരുന്നു. ഇതിൽ സിബിഐ അന്വേഷിച്ചോ എന്നത് കേസ് ഡയറി പരിശോധിച്ചാൽ മാത്രമേ വ്യക്തമാകൂ. ജസ്നയെ കണ്ടെത്താനാകാത്തതിൽ സിബിഐ കുറ്റം പറയാനാകില്ലെന്നും തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഇൻസ്പക്ടർ നിപുൺ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ ജസ്നയെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നതാണ് സിബിഐ കേസ് അവസാനിപ്പിക്കാൻ കാരണം. ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് സിബിഐ അറിയിച്ചു. ശാസ്ത്രീയ പരിശോധനകളിലും തുമ്പ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിർണായക വിവരങ്ങളൊന്നും ലഭിക്കാതെ അന്വേഷണം മുൻപോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്നും എന്തെങ്കിലും വിവരം ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കുമെന്നുമാണ് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്. എല്ലാ സാധ്യതകളും പരിശോധിച്ചതായി സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്. വീട്ടില്‍ നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു തിരോധാനം. ജസ്നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ്, കെഎസ്‍യു നേതാവ് അഭിജിത്ത് തുടങ്ങിയവർ നൽകിയ ഹർജിയെ തുടർന്നാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.‌

Related Stories

No stories found.
logo
Reporter Live
www.reporterlive.com