കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെ റെയിൽ വിരുദ്ധ ജനകീയ സമിതി

പദ്ധതിയിലൂടെ ലഭിക്കുന്ന കമ്മീഷനും സാമ്പത്തിക ലാഭവും ആണ് മുഖ്യമന്ത്രി സ്വപ്നം കാണുന്നത്
കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി  കെ റെയിൽ വിരുദ്ധ ജനകീയ സമിതി

ആലപ്പുഴ: കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെ റെയിൽ / സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കൺവീനർ എസ് രാജീവൻ. കെ റെയിൽ പദ്ധതി നടപ്പിലാക്കാനല്ല, കെ റെയിലിന്റെ മറവിൽ ലോൺ നേടിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കെ റെയിൽ / സിൽവർ ലൈൻ വിരുദ്ധ സമര സമിതി വിമർശിച്ചു. പദ്ധതിയിലൂടെ ലഭിക്കുന്ന കമ്മീഷനും സാമ്പത്തിക ലാഭവും ആണ് മുഖ്യമന്ത്രി സ്വപ്നം കാണുന്നതെന്നായിരുന്നു സമര സമിതി കൺവീനർ എസ് രാജീവൻ റിപ്പോർട്ടറിനോട് പ്രതികരിച്ചത്.

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ആവർത്തിക്കുന്ന സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് കെ റെയിൽ / സിൽവർ ലൈൻ വിരുദ്ധ സമര സമിതി ഉന്നയിക്കുന്നത് . പദ്ധതിയുടെ പേരിൽ ലഭിക്കുന്ന കമ്മീഷനും സാമ്പത്തിക ലാഭവുമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. എന്നാൽ ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട് സർക്കാരിനും കെ റെയിലിനും കനത്ത തിരിച്ചടിയാണെന്നും സമര സമിതി കൺവീനർ എസ് രാജീവൻ റിപ്പോർട്ടറിനോട് പറഞ്ഞു.

പദ്ധതി നടപ്പാകില്ലെന്ന് ഉറപ്പുണ്ടെങ്കിലും സർക്കാർ പിന്മാറും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സമര സമിതി വ്യക്തമാക്കി. സിൽവർ ലൈനുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും റദ്ദാക്കണമെന്നും പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പദ്ധതി നടപ്പിലാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കെ വി തോമസിനെ ഡൽഹിയിൽ ഇരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വപ്നം ഗതാഗതത്തിന്റെ വേഗതയെ കുറിച്ചും ജനങ്ങളുടെ യാത്രയെക്കുറിച്ചുമല്ല. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് വേണ്ടിയല്ല കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇടതുപക്ഷ സർക്കാരിന് ചിന്തിക്കാൻ ആവാത്ത പദ്ധതിയാണ് കെ റെയിൽ എന്നും എസ് രാജീവൻ ചൂണ്ടിക്കാണിച്ചു.

ഇതിനിടെ സംസ്ഥാന സർക്കാർ കെ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ഭൂമി വിട്ടു നൽകാൻ കഴിയില്ലെന്ന് റെയിൽവേ അറിയിച്ചിട്ടില്ല, കേന്ദ്ര സഹായമില്ലാതെ കെ റെയിൽ നടപ്പിലാക്കാൻ ആവില്ലെന്നും മന്ത്രി പറഞ്ഞു. കെ റെയിലിനായി ഭൂമി വിട്ടു നൽകാനാവില്ലെന്ന് കാട്ടി ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് മന്ത്രി വി അബ്ദു റഹ്മാന്റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com