സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച പുതിയ മാനദണ്ഡങ്ങള്‍; എതിര്‍ത്ത് കെജിഎംഓഎ രംഗത്ത്

2005 ലാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്റ്റീസ് അനുവദിച്ചു കൊണ്ടുള്ള പുതിയ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്.
സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച പുതിയ മാനദണ്ഡങ്ങള്‍; എതിര്‍ത്ത് കെജിഎംഓഎ രംഗത്ത്

തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച പുതിയ മാനദണ്ഡത്തിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഓഎ രംഗത്ത്. താമസ സ്ഥലത്ത് തന്നെ പ്രാക്റ്റീസ് നടത്തണമെന്നും അടുത്ത ദിവസങ്ങളില്‍ അഡ്മിറ്റ് ആവാന്‍ സാധ്യതയുള്ള രോഗികളെ ചികിത്സിക്കരുത് എന്നുമുള്ള നിര്‍ദ്ദേശങ്ങളാണ് കെജിഎംഓഎ എതിര്‍ക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംഘടന ആരോഗ്യ മന്ത്രിക്ക് കത്തു നല്‍കി.

2005 ലാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്റ്റീസ് അനുവദിച്ചു കൊണ്ടുള്ള പുതിയ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. ഈ മാനദണ്ഡങ്ങളില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തി ഇക്കഴിഞ്ഞ ഡിസംബര്‍ 27ന് ഇറങ്ങിയ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ അഡ്മിറ്റ് ആവാന്‍ സാധ്യതയുള്ളവരെ പരിശോധിക്കരുത് എന്ന നിര്‍ദ്ദേശം ശസ്ത്രക്രിയ, അനസ്‌തേഷ്യ , ഗൈനക്കോളജി, കാര്‍ഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയാണ് കൂടുതല്‍ ആശങ്കയിലാക്കുക. ഈ വിഭാഗം ഡോക്ടര്‍മാരെ കാണാന്‍ കൂടുതലും എത്തുക അഡ്മിറ്റ് ആവാന്‍ സാധ്യതയുള്ള രോഗികളാണ്. പുതിയ പലതരം പകര്‍ച്ച വ്യാധികളും വൈറസ് രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന കാലമായതിനാല്‍ താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്റ്റീസ് നടത്താവു എന്ന നിര്‍ദ്ദേശവും വെല്ലുവിളിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പ്രൈവറ്റ് പ്രാക്റ്റീസ് ഉണ്ടെന്ന കാരണം പറഞ്ഞാണ് ശമ്പള പരിഷ്‌കരണം ആവശ്യമല്ലെന്ന് കമ്മീഷന്‍ തീരുമാനിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേ സമയം വാണിജ്യ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍ എന്നിവയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ഒഴിവാക്കാനാണ് നിലവിലെ പരിഷ്‌കരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആ നിലപാട് അംഗീകരിക്കുന്നതായും ഡോക്ടര്‍മാര്‍ക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com