'പൊലീസിന് നേരെ ആസൂത്രിതമായ ആക്രമണമാണ് അരങ്ങേറിയത്'; ഇ പി ജയരാജൻ

'സുധാകരനു സുഖമില്ല. ആശുപത്രിയിൽ പോവുകയാണ്. അങ്ങനെ ഉള്ള രോഗം പിടിപെട്ട ഒരാളെ സമരത്തിൽ കൊണ്ടുവരണോ'
'പൊലീസിന് നേരെ ആസൂത്രിതമായ ആക്രമണമാണ് അരങ്ങേറിയത്'; ഇ പി ജയരാജൻ

തിരുവനന്തപുരം: പൊലീസിന് നേരെ ആസൂത്രിതമായ ആക്രമണമാണ് അരങ്ങേറിയതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കോൺഗ്രസ്‌ ജാഥ ആരംഭിച്ചത് മുതൽ റോഡ് മുഴുവൻ അഴിഞ്ഞാടികൊണ്ടാണ് വന്നത്. അസാധാരണമായ സംഭവമാണ് ഡിജിപി ഓഫീസിനു മുന്നിൽ ഉണ്ടായത്. സാധാരണഗതിയിൽ സമരങ്ങൾ ഉണ്ടാവുമ്പോൾ സെക്രട്ടറിയേറ്റ് മുന്നിലൊക്കെ ജാഥയായി വന്ന് നേതാക്കൾ ഇരിക്കുകയോ നിൽക്കുകയോ ചെയ്ത് പ്രസംഗിക്കുക ആണ് ചെയ്യാറ്. എന്നാൽ ഡിജിപി ഓഫീസിനു മുന്നിൽ ഉണ്ടായത് ഇത്തരത്തിൽ ഉള്ള സമരരീതി അല്ല. വാളും വടിയുമൊക്കെയായി ഭ്രാന്ത് പിടിച്ച രീതിയിലാണ് മാർച്ച്‌ നടത്തിയതെന്നും ഇ പി ജയരാജൻ ആരോപിച്ചു.

ഡിജിപി ഓഫീസിനു സമീപത്ത് ലോറിക്ക് മുന്നിൽ നിന്ന് നേതാക്കൾ സംസാരിക്കുമ്പോൾ തന്നെ പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. കോൺഗ്രസിന്റെ പുറപ്പാട് കണ്ടാൽ സമാധാനപരമായി നടക്കുന്ന സമരമാണെന്ന് തോന്നുകയില്ല. പോലീസിന് നേരെ കല്ലേറ് വന്നാൽ പിന്നെ എന്ത് ചെയ്യും. അഴിഞ്ഞാടാൻ സമ്മതിക്കണോയെന്നും ഇ പി ജയരാജൻ ചോദിച്ചു. കെ സുധാകരനും വി ഡി സതീശനും അക്രമത്തെ പ്രോത്സാഹിപ്പിച്ചുവെന്നും ഇ പി ജയരാജൻ ആരോപിച്ചു.

അക്രമങ്ങൾ ഇല്ലാതാക്കുക എന്നത് പൊലീസിന്റെ ഉത്തരവാദിത്തം. അപ്പോൾ ജലപീരങ്കിയും, ടിയർ ഗാസും പ്രയോഗിക്കേണ്ടി വരും. ടിയർ ഗ്യാസ് പ്രയോഗിച്ചാൽ സാധാരണ ദേഹാസ്വസ്ഥം ഉണ്ടാവും. കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ സമരം ക്ലച്ച് പിടിക്കുന്നില്ലെന്ന് കണ്ടപ്പോൾ ആണ് അക്രമത്തിലേക്ക് തിരിഞ്ഞത്. നാടിന്റെ ക്രമസമാധാനം തകർക്കാൻ ശ്രമിച്ചാൽ പൊലീസ് നടപടി സ്വീകരിക്കും. പൊലീസിന് നേരെ ഉണ്ടായ അതിക്രമങ്ങൾക്ക് അനുസരിച്ചുള്ള നടപടി ഉണ്ടായിട്ടില്ല. ഏതെങ്കിലും തരത്തിൽ പൊലീസിന്റെ ഭാഗത്തു നിന്ന് പ്രകോപനം ഉണ്ടായോ. പ്രതിപക്ഷ നേതാവും, കെപിസിസി പ്രസിഡന്റും സ്വന്തം സ്ഥാനം മനസിലാക്കണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു.

നവകേരള സദസിൽ അത്ഭുതകരമായ ജനപ്രവാഹമാണ് ഉള്ളതെന്നും അത് കണ്ടുള്ള മാനസിക അസ്വാത്ഥ്യം ആണ് കാണുന്നതെന്നും ഇ പി പരിഹസിച്ചു. വൃത്തികെട്ട കോൺഗ്രസ്‌ രാഷ്ട്രീയത്തിന്റെ കളി ആണ് ഇന്ന് തലസ്ഥാനത്ത് കണ്ടത്. യുഡിഎഫിലെ ഒരു വിഭാഗം ഇതിനെ അനുകൂലിക്കുന്നില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. സുധാകരനു സുഖമില്ല. ആശുപത്രിയിൽ പോവുകയാണ്. അങ്ങനെ ഉള്ള രോഗം പിടിപെട്ട ഒരാളെ സമരത്തിൽ കൊണ്ടുവരണോ. ഇത്തരത്തിൽ പ്രതിഷേധം കാണുമ്പോൾ സുധാകരനു പ്രഷർ വരുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com