സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

സഹകരണ ബാങ്കുകളിലെ പാർട്ടി അക്കൗണ്ടുകളെ കുറിച്ച് സിപിഐഎം ജില്ലാ നേതൃത്വത്തിന് അറിവുണ്ടായിരുന്നുവെന്നാണ് ഇ ഡി യുടെ കണ്ടെത്തൽ
സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തൃശ്ശൂർ: സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുക. സഹകരണ ബാങ്കുകളിലെ പാർട്ടി അക്കൗണ്ടുകളെ കുറിച്ച് സിപിഐഎം ജില്ലാ നേതൃത്വത്തിന് അറിവുണ്ടായിരുന്നുവെന്നാണ് ഇ ഡി യുടെ കണ്ടെത്തൽ. അക്കൗണ്ട് വിവരങ്ങൾ അറിഞ്ഞിട്ടും എം എം വർഗീസ് വിവരങ്ങൾ മറച്ചുവയ്ക്കുകയാണ് എന്ന് ഇ ഡി ആരോപിക്കുന്നു.

സിപിഐഎം പ്രാദേശിക നേതാക്കളായ എം ബി രാജു, എ ആർ പീതാംബരൻ എന്നിവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ ബാങ്കിൽ സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ പേരിൽ അഞ്ച് അക്കൗണ്ടുകൾ ഉണ്ടെന്നും ഇത് വഴി 50 ലക്ഷത്തിന്റെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇ ഡി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരുവന്നൂർ ബാങ്കിൽ മാത്രം സിപിഐഎമ്മിന് 72 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്ന ഇ ഡിയുടെ ആരോപണം. ബാങ്കിൽ നിന്നും ബിനാമി വായ്പകൾ വഴി പ്രതികൾ തട്ടിയെടുത്ത പണത്തിന്റെ കമ്മീഷൻ ആണോ ഇതെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സിപിഐഎം ഭരണത്തിലുള്ള സഹകരണ ബാങ്കുകളിൽ പലതിലും പാർട്ടിക്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായാണ് ഇഡിക്ക് ലഭിച്ച വിവരം. തൃശൂർ ജില്ലയിൽ കരുവന്നൂർ സഹകരണ ബാങ്കിൽ മാത്രം സിപിഐഎമ്മിൻ്റെ അഞ്ച് അക്കൗണ്ടുകളുണ്ട്. ജില്ലാ നേതൃത്വത്തിന് അക്കൗണ്ടുകളെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും ഇത് സംബന്ധിച്ച വിവരങ്ങൾ മറച്ചു വച്ച് അന്വേഷണത്തെ എം എം വർഗീസ് ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുന്നു എന്നാണ് ഇ ഡി ആരോപിക്കുന്നത്. അതുകൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എം എം വർഗീസിനോട് നിർദ്ദേശിച്ചിരിക്കുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ ഇഡിയുടെ രണ്ടാം സമന്‍സിനും ഹൈക്കോടതി സ്റ്റേ നൽകി. സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്ക് നല്‍കിയ രണ്ടാം സമന്‍സ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി വി സുഭാഷ് നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നല്‍കിയ സമന്‍സ് ആണ് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. കരുവന്നൂര്‍ സഹകരണ ബാങ്കിന് പുറത്തുള്ള വിവരങ്ങള്‍ തേടിയത് നിയമ വിരുദ്ധമാണ് എന്ന് കാണിച്ച് നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. മറുപടി സത്യവാങ്മൂലത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ സമയം തേടി. സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്ക് വേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹാജരായി. സഹകരണ മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് അധികാര പരിധി കടന്ന് ഇ ഡി ഇടപെടുന്നതെന്നാണ് സര്‍ക്കാരിന്റെ ആക്ഷേപം. ഹര്‍ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com