'രഞ്ജിത്ത് രാജിവയ്ക്കണം; ചെയർമാനായി തുടരുന്നത് അപമാനകരം': മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ

'രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റാത്തത് സാംസ്കാരിക രംഗത്തിന് തന്നെ അപമാനകരം'
'രഞ്ജിത്ത് രാജിവയ്ക്കണം; ചെയർമാനായി തുടരുന്നത് അപമാനകരം': മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവയ്ക്കണമെന്ന ആവശ്യവുമായി മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്). അക്കാദമിയുടെ ലക്ഷ്യങ്ങൾക്ക് വിരു​ദ്ധമായി പെരുമാറുകയും സ്വതന്ത്ര സിനിമകളേയും സംവിധായകരെയും ചലച്ചിത്രമേളകളിലെത്തുന്ന പ്രേക്ഷകരേയും നിരന്തരം അവ​ഹേളിക്കുകയും ചെയ്യുന്നതിനാൽ ചെയർമാൻ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്നാണ് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ(മൈക്ക്)യുടെ ആവശ്യം.

തിയറ്ററിൽ ആളെ കൂട്ടുന്നതാണ് സിനിമയുടെ ലക്ഷ്യം എന്ന് കരുതുന്ന ഒരാൾ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി തുടരുന്നത് അപമാനകരമാണെന്നും രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് തങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നതെന്നും മൈക്ക് പ്രസ്താവനയിൽ വ്യക്തമാക്കി.

'ഐഎഫ്എഫ്കെ നടക്കുന്നതിനിടയിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, "തിയേറ്ററിൽ ആളുകൾ കയറാത്ത സിനിമ എടുക്കുന്ന ഡോക്ടർ ബിജുവിനൊക്കെ എന്താണ് റെലവൻസ് ഉള്ളത്" എന്ന രീതിയിലാണ് അക്കാദമി ചെയർമാൻ രഞ്ജിത്ത് സംസാരിച്ചത്. തിയറ്ററിൽ ആളെ കൂട്ടുന്നതാണ് സിനിമയുടെ ലക്ഷ്യം എന്ന് കരുതുന്ന ഒരാൾ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി തുടരുന്നത് അപമാനകരമാണ്. രഞ്ജിത്തിന്റെ പ്രസ്താവനയെ തുടർന്ന് ഡോ. ബിജു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് അം​ഗത്വം രാജിവയ്ക്കുന്ന സാഹചര്യമുണ്ടായി. ഡോ. ബിജുവിനെതിരായ പരാമർശത്തിൽ രഞ്ജിത്തിനോട് വിശദീകരണം തേടുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാൽ വീണ്ടും തന്റെ പരാമർശങ്ങളെ ന്യായീകരിച്ച് രം​ഗത്ത് വന്ന രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്', മൈക്ക് വ്യക്തമാക്കി .

ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങൾ സമാന്തരയോഗം ചേരുകയും മുഖ്യമന്ത്രിയെ കാണുകയും ചെയ്തത് ​ഗുരുതരമായ വിഷയമാണ്. ചലച്ചിത്ര അക്കാദമി എന്ന സ്ഥാപനം തന്നെ ചെയർമാന്റെ ധിക്കാരപരമായ സമീപനം കാരണം പ്രതിസന്ധിയിലായിരിക്കുന്നു. ‌കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറിയെ സ്വാധീനിക്കാൻ രഞ്ജിത്ത് ശ്രമിച്ചതായി പരാതിയുയർന്നിട്ടും അതിൽ അന്വേഷണം നടത്താനോ നടപടിയെടുക്കാനോ സാംസ്കാരിക വകുപ്പ് തയ്യാറായിട്ടില്ല. പദവിക്ക് ചേരാത്തവിധം തുടർച്ചയായി പെരുമാറുന്ന രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റാത്തത് സാംസ്കാരികരം​ഗത്തിന് തന്നെ അപമാനകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com