നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കോടതി കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിയമവിരുദ്ധമായി പരിശോധിച്ചുവെന്ന വാർത്ത റിപ്പോർട്ടർ ടിവിയാണ് പുറത്ത് വിട്ടത്
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ സെഷന്‍സ് ജഡ്ജി വസ്തുതാ പരിശോധന നടത്തണമെന്ന് ഹൈക്കോടതി. മെമ്മറി കാർഡിൻ്റെ ഹാഷ്‌വാല്യൂ മാറിയതിലാണ് ജില്ലാ സെഷൻസ് ജഡ്ജ് അന്വേഷിക്കേണ്ടത്. അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. എറണാകുളം സെഷന്‍സ് ജഡ്ജി വസ്തുതാ അന്വേഷണം നടത്തണം. അന്വേഷണത്തിനായി പൊലീസ് ഉള്‍പ്പടെ ഏത് ഏജന്‍സിയുടെയും സഹായം തേടാം. അതിജീവിതയ്ക്ക് സെഷന്‍സ് ജഡ്ജിന് മുന്നില്‍ പരാതി അവതരിപ്പിക്കാം. കുറ്റകൃത്യം തെളിയുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് മുന്നോട്ട് പോകാം. കേസെടുക്കാന്‍ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കാം. കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ പിടിച്ചെടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കാം. അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അതിജീവിതയ്ക്ക് പരാതിയുണ്ടെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നുമാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കണമെന്നും നിർദ്ദേശമുണ്ട്.

കോടതിയുടെ പരിഗണയിലിരിക്കെ മെമ്മറി കാർഡിൻ്റെ ഹാഷ്‌വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് ഗൗരവകരമായ നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയത്. അതിജീവിതയുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ നമ്മൾ പരാജയപ്പെട്ടു. അതിജീവിതയുടെ സ്വകാര്യത ലംഘിക്കപ്പെട്ടു. ചിന്തിക്കുന്നതിന് അപ്പുറമാണ് അതിജീവിതയ്ക്ക് ഉണ്ടായ ആഘാതം. ജുഡീഷ്യല്‍ സംവിധാനത്തിന് മേലുള്ള കാര്‍മേഘമാണ് മെമ്മറി കാര്‍ഡ് പരിശോധന. ഇത് നീക്കാന്‍ അന്വേഷണം അനിവാര്യമാണെന്നും നീതിന്യായ നടപടികളുടെ ശുദ്ധിക്കാണ് അന്വേഷണമെന്നും കോടതി നിരീക്ഷിച്ചു.

അന്വേഷണം വേണ്ടെന്ന എട്ടാംപ്രതി ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റേതാണ് ഉത്തരവ്. കോടതി കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിയമവിരുദ്ധമായി പരിശോധിച്ചുവെന്ന വാർത്ത റിപ്പോർട്ടർ ടിവിയാണ് പുറത്ത് വിട്ടത്.  ദൃശ്യങ്ങള്‍ പരിശോധിച്ചത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു അതിജീവിതയുടെ പ്രധാന വാദം.

മൂന്ന് കോടതികളുടെ കൈവശമിരിക്കെ മെമ്മറി കാര്‍ഡ് ദൃശ്യങ്ങള്‍ മൂന്ന് തവണ പരിശോധിച്ചതില്‍ അന്വേഷണം വേണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9 ന് രാത്രി 9.58 നാണ് ദൃശ്യങ്ങൾ ആദ്യം പരിശോധിച്ചത്. അതേ വർഷം തന്നെ ഡിസംബർ 13ന് എറണാകുളം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലും സമാനമായി ദൃശ്യം പരിശോധിക്കപ്പെട്ടു. രാത്രി 10.50 നാണ് മെമ്മറി കാർഡ് തുറന്നത്. 2021 ജൂലൈ 19ന് വിചാരണ കോടതിയിൽ ഉച്ചക്ക് 12 മണിക്ക് മെമ്മറി കാർഡ് വിവോ മൊബൈൽ ഫോണിൽ ഉപയോഗിച്ചതായും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിയമവിരുദ്ധമായി പരിശോധിച്ചതിന്റെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്. തുടർന്നാണ് അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെയും ഹൈക്കോടതിയെയും സമീപിച്ചത്. മെമ്മറി കാർഡ് അനധികൃതമായി തുറന്നത് തെളിവുകൾ നശിപ്പിക്കാനുള്ള ​ഗൂഢാലോചനയെന്ന് അതിജീവിത ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സർക്കാരും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com