ടി എൻ പ്രതാപന്റെ അടിയന്തര പ്രമേയ നോട്ടീസ്; കോൺഗ്രസിന് വൈകി വന്ന വിവേകമെന്ന് എ കെ ബാലൻ

കേന്ദ്രത്തിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചു എന്നത് സന്തോഷമുള്ള കാര്യമെന്നും എ കെ ബാലന്‍ പറഞ്ഞു.
ടി എൻ പ്രതാപന്റെ അടിയന്തര പ്രമേയ നോട്ടീസ്; കോൺഗ്രസിന് വൈകി വന്ന വിവേകമെന്ന് എ കെ ബാലൻ

തിരുവനന്തപുരം: ടി എൻ പ്രതാപന്റെ ലോക്സഭയിലെ അടിയന്തര പ്രമേയ നോട്ടീസ് കോൺഗ്രസിന് വൈകി വന്ന വിവേകമെന്ന് സിപിഐഎം നേതാവ് എ കെ ബാലന്‍. കേന്ദ്രത്തിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചു എന്നത് സന്തോഷമുള്ള കാര്യമെന്നും എ കെ ബാലന്‍ പറഞ്ഞു. ബിജെപി അനുകൂല നിലപാട് സ്വീകരിച്ചാൽ കേരളത്തിൽ നിലനിൽപ്പില്ലെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കി. കുറച്ചു കൂടി നേരത്തെ ഇങ്ങനെ പെരുമാറിയാൽ സമാധാനത്തിന് ഗുണം ചെയ്തേനെ. എന്തൊക്കെയാണ് മുഖ്യമന്ത്രിയെയും സർക്കാരിനെയും പറഞ്ഞതെന്ന് ചോദിച്ച എ കെ ബാലന്‍ കോണ്‍ഗ്രസിന്‍റെ സിപിഐഎം വിരോധം ഭ്രാന്തായി മാറിയെന്നും പറഞ്ഞു.

കേരളത്തോടുളള കേന്ദ്ര സർക്കാർ അവ​ഗണന സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് ടി എൻ പ്രതാപൻ എംപി നോട്ടീസ് നൽകിയിരുന്നു. സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം പോലും തടസ്സപ്പെടുന്ന വിധത്തിൽ രൂക്ഷമായ സാമ്പത്തിക ഞെരുക്കമാണ് കേരളം നേരിടുന്നത്. സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങളോ, പുതിയ പദ്ധതികളോ, സാമ്പത്തിക സഹായങ്ങളോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും ടി എൻ പ്രതാപൻ അടിയന്തര പ്രമേയ നോട്ടീസിൽ പറഞ്ഞിരുന്നു.

എ വി ഗോപിനാഥ് ചെയ്തതിലും ഗുരുതര തെറ്റാണു ഷാഫി പറമ്പിൽ ചെയ്തത് എ കെ ബാലന്‍ പറഞ്ഞു. ഗോപിനാഥ് നേരിട്ട് പറഞ്ഞു, അതിനെതിരെ കോണ്‍ഗ്രസ് നടപടി എടുത്തു. എന്നാല്‍ കാണാമറയത്ത് ഇരുന്ന് പറഞ്ഞവർക്കെതിരെ നടപടിയില്ല. ഭീഷണിക്ക് മുമ്പിൽ തല കുനിക്കില്ല എന്ന് ഗോപിനാഥ് നേരിട്ട് പറഞ്ഞതാണ്. ഗോപിനാഥിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഏതെങ്കിലും പദവികൾ കാട്ടിയിട്ടല്ല ഇടത് മുന്നണിയിലേക്ക് ആളുകളെ ക്ഷണിക്കുന്നതെന്നും എ കെ ബാലന്‍ പ്രതികരിച്ചു.

നവകേരള സദസ്സില്‍ പങ്കെടുത്തതിന് എ വി ഗോപിനാഥിനെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചിരുന്നു. ഒളിഞ്ഞു നിന്ന് മുഖ്യമന്ത്രിയെ കാണുന്ന കോണ്‍ഗ്രസ് നേതാക്കളുണ്ട്. അവർക്കെതിരെ അല്ലേ നടപടി വേണ്ടത് എന്നായിരുന്നു ഇതിനോട് ഗോപിനാഥിന്‍റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com