ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഒന്നാം പ്രതി പത്മകുമാര്‍, രണ്ടാം പ്രതി പത്മകുമാറിന്‍റെ ഭാര്യ അനിത, മൂന്നാം പ്രതിയായ ഇവരുടെ മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി പത്മകുമാര്‍, രണ്ടാം പ്രതി പത്മകുമാറിന്‍റെ ഭാര്യ അനിത, മൂന്നാം പ്രതിയായ ഇവരുടെ മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി ഇൻസ്പെക്ടറാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ അൽപസമയത്തിനകം അടൂര്‍ കെഎപി ക്യാമ്പിൽ നിന്ന് പൂയപ്പള്ളി സ്‌റ്റേഷനിൽ എത്തിക്കും. ശേഷം വൈദ്യ പരിശോധനയ്ക്ക് കൊണ്ട് പോകും. വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്ന് പ്രതികളെയും കൊട്ടരക്കര കോടതിയിൽ ഹാജരാക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് ഉണ്ടാവു

പ്രതികളായ പത്മകുമാറും കുടുംബവും കിഡ്നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഘം നേരത്തെയും തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തിരുന്നു. പല കുട്ടികളെയും തട്ടി കൊണ്ടുപോകാൻ ശ്രമം നടത്തിയതായാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഇവർ മൂന്ന് തവണയാണ് ശ്രമം നടത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാമെന്നായിരുന്നു പദ്ധതി. ഇതിനുള്ള ട്രയൽ കിഡ്നാപ്പിം​ഗ് ആണ് അബിഗേലിന്റെ തട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. ആദ്യം കേബിൾ ഓപ്പറേറ്ററായിരുന്ന പത്മകുമാർ പിന്നീട് റിയൽ എസ്റ്റേറ്റ്, ബേക്കറി അടക്കമുള്ള ബിസിനസുകളിലേക്ക് തിരിഞ്ഞു. ഇയാൾക്ക് 2 കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.

അബിഗേലിനെ തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. കുട്ടി നൽകിയ വിവരങ്ങളുടെയും സാക്ഷികൾ നൽകിയ സൂചനകളുടെയും ലാപ്ടോപ്പ് ഐപി അഡ്രസിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്. ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്മകുമാറും കുടുംബവും തമിഴ്നാട് തെങ്കാശിയിലെ പുളിയറയിൽ നിന്ന് പൊലീസിന്റെ പിടിയിലായത്. പ്രതികൾ സംഭവ ദിവസം സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളാണ് പൊലീസിനെ പത്മകുമാറിലേക്കെത്തിച്ചത്. കുട്ടിക്ക് കാർട്ടൂൺ കാണാൻ നൽകിയ ലാപ്ടോപിന്റെ ഐപി അഡ്രസും സഹായകമായി.

നവംബർ‌ 27‌ന് വൈകിട്ടാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. പിന്നീട് കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രേഖാ ചിത്രം വരച്ചു. മാത്രമല്ല, തന്നെ തട്ടിക്കൊണ്ടുപോയത് നീലക്കാറിലാണെന്ന് കുട്ടി പറഞ്ഞതോടെ അന്വേഷണം നീലക്കാറിലേക്ക് നീണ്ടു. തട്ടിക്കൊണ്ടുപോയതിന്റെ പിറ്റേന്ന് കുട്ടിയുമായി യുവതി കൊല്ലം കെഎസ്ആ‍ർടിസി ബസ് സ്റ്റാന്റിന് സമീപം വന്നിറങ്ങിയ നീലക്കാറിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതോടെയാണ് അന്വേഷണം പത്മകുമാറിലേക്ക് നീണ്ടത്. രാത്രി പത്മകുമാറിന്റെ വീട്ടിലെത്തിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. ടവർ ലൊക്കേഷൻ പിന്തുടർന്നെത്തിയ പൊലീസ് തെങ്കാശിക്ക് സമീപം ഇവരെ കണ്ടെത്തുകയും പത്മകുമാറിന്റെ ഫോട്ടോ എടുത്ത് കൊല്ലത്തേക്ക് അയച്ച് കുട്ടിയെ കാണിച്ച് ഉറപ്പ് വരുത്തുകയും ചെയ്ത ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com