തട്ടിക്കൊണ്ടുപോകൽ കേസ്; പത്മകുമാറിന്റെ ഭാര്യക്കും മകൾക്കും പങ്ക്, ക്വട്ടേഷൻ സംഘങ്ങളിലേക്കും അന്വേഷണം

തന്നെ കൊണ്ടുപോയി താമസിപ്പിച്ച വീട്ടിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചതും ഒരു സ്ത്രീയായിരുന്നു.
തട്ടിക്കൊണ്ടുപോകൽ കേസ്; പത്മകുമാറിന്റെ ഭാര്യക്കും മകൾക്കും പങ്ക്, ക്വട്ടേഷൻ സംഘങ്ങളിലേക്കും അന്വേഷണം

തിരുവനന്തപുരം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യപ്രതി പത്മകുമാറിന്റെ ഭാര്യക്കും മകൾക്കും പങ്കെന്ന് പൊലീസ്. സംഭവത്തിന് പിന്നിലെ പ്രകോപനം കുട്ടിയുടെ പിതാവ് റെജിയുമായുള്ള സാമ്പത്തിക തർക്കമാണ്. പത്മകുമാർ ക്വട്ടേഷൻ സംഘത്തിന്റെ അടക്കം സഹായം തേടിയതായാണ് സൂചന. ക്വട്ടേഷൻ സംഘങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

മകൾക്കും ഭാര്യക്കും പങ്കില്ലെന്നാണ് പത്മകുമാർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. തന്നെ കൊണ്ടുപോയി താമസിപ്പിച്ച വീട്ടിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചതും ഒരു സ്ത്രീയായിരുന്നു. കടയിലെത്തി തന്റെ ഫോണ്‌‍ ആവശ്യപ്പെട്ടതക് ഒരു സ്ത്രീയാണെന്ന് പാരിപ്പള്ളിയിലെ വ്യാപാരിയും പറഞ്ഞിരുന്നു. ഈ ഫോണിൽ നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്.

ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് പത്മകുമാറും കുടുംബവും തമിഴ്നാട് തെങ്കാശിയിലെ പുളിയറയിൽ നിന്ന് പൊലീസിന്റെ പിടിയിലായത്. പ്രതികൾ സംഭവദിവസം സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളാണ് പൊലീസിനെ പത്മകുമാറിലേക്കെത്തിച്ചത്. കുട്ടിക്ക് കാർട്ടൂൺ കാണാൻ നൽകിയ ലാപ്ടോപിന്റെ ഐപി അഡ്രസും സഹായകമായി.

തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീടും പൊലീസ് കണ്ടെത്തി. ചിറക്കരയിലാണ് ഈ ഫാം ഫൗസ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com