ജഡ്ജി നിയമനത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കണം: ഹൈക്കോടതിയിൽ ഹർജി

കേരള ഹൈക്കോടതിയിലെ ജഡ്ജി നിയമനത്തില്‍ ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നീതി തത്വം ഉറപ്പാക്കണമെന്ന് ആവശ്യം
ജഡ്ജി നിയമനത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കണം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി : കേരള ഹൈക്കോടതിയിലെ ജഡ്ജി നിയമനത്തില്‍ ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നീതി തത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി. ഡോ. എം കെ മുകുന്ദന്‍ ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കേന്ദ്ര നിയമ മന്ത്രാലയം, സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍, സംസ്ഥാന ചീഫ് സെക്രട്ടറി, എന്നിവരാണ് എതിര്‍കക്ഷികള്‍. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

പട്ടിക വിഭാഗങ്ങളില്‍ നിന്നൊരാള്‍ ജഡ്ജിയായി നിയമിക്കപ്പെട്ടത് 16 വര്‍ഷം മുമ്പാണെന്നും സാമൂഹിക നീതി തത്വം പാലിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രത്യേക മത-സാമുദായിക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് കൂടുതല്‍ പരിഗണന ലഭിക്കുന്നത്. നിരന്തരം കൂടുതല്‍ പരിഗണന ഇങ്ങനെ ലഭിക്കുന്നുണ്ട്. സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുണ്ട്. അവരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന സാമൂഹിക ക്രമം ഉറപ്പാക്കണമെന്നാണ് ഭരണഘടന പറയുന്നത്. എന്നാല്‍ ഈ തത്വം ജഡ്ജി നിയമനത്തില്‍ ഹൈക്കോടതിയില്‍ പാലിക്കപ്പെടുന്നില്ല. അത് ഭരണഘടനയ്ക്ക് എതിരാണെന്നും ഹര്‍ജിയില്‍ പറയുന്നു.

പട്ടികജാതി വിഭാഗങ്ങള്‍, പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ക്കു അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ല. കഴിഞ്ഞ 16 വര്‍ഷമായി പട്ടിക വിഭാഗങ്ങളില്‍നിന്നു ജഡ്ജിമാര്‍ നിയമിക്കപ്പെട്ടിട്ടില്ല. ഇതെല്ലാം ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങള്‍ക്കു എതിരാണ്. നിയമനിര്‍മ്മാണ സഭകളിലും എക്സിക്യൂട്ടിവിലും സംവരണം നടപ്പാക്കുമ്പോള്‍, ജഡ്ജി നിയമനത്തില്‍ മാത്രം പ്രാതിനിധ്യം നല്‍കുന്നില്ല. അതിനാല്‍, കേരള ജഡ്ജി നിയമനത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഇതിന് എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com