വ്യാജ ഐഡി കാർഡ്: 'വരുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ട്രയൽ റൺ ആണോ?'; എ എ റഹീം

'ഉണ്ടാക്കിയ ഐഡി കാര്‍ഡുകള്‍ ആരുടെയെല്ലാം കയ്യിലാണ്, ഇതുവരെ എന്തിനെല്ലാം ഉപയോഗിച്ചു എന്നത് പ്രസക്തമാണ്'
വ്യാജ ഐഡി കാർഡ്: 'വരുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ട്രയൽ റൺ ആണോ?';  എ എ റഹീം

കൊച്ചി: യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെ‌ടുപ്പിൽ വ്യാജ ഐഡി കാർഡ് ഉപയോ​ഗിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് എ എ റഹീം എംപി. രാജ്യദ്രോഹ ക്രിമിനല്‍ കുറ്റമാണ് നടത്തിയത്. വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയതിൽ താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാ​ഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല. കേന്ദ്ര ഏജന്‍സികള്‍ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ഐക്യത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മൗനം പാലിക്കുന്നത്. സംസ്ഥാനത്ത് ഗൗരവത്തോടെ അന്വേഷണം നടക്കുന്നത് സ്വാഗതം ചെയ്യുന്നു. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും വരുന്നില്ല. കോൺ​ഗ്രസിന്റെ കേന്ദ്ര നേതൃത്വം പ്രതികരിക്കുന്നില്ലെന്നും എ എ റഹീം കുറ്റപ്പെടുത്തി.

കോൺ​ഗ്രസിനകത്തെ ആരും ഈ കൊളളരുതായ്മക്ക് കൂട്ട് നിന്ന് സംസാരിച്ചിട്ടില്ല എന്നത് വലിയ കാര്യമാണ്. പക്ഷേ ഇവരെ എന്തിനാണ് കോണ്‍ഗ്രസ് ഇപ്പോഴും സംരക്ഷിക്കുന്നത്. അത് അത്ഭുതപ്പെടുത്തുന്നതാണ്. എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്, എന്തുകൊണ്ടാണ് നിലപാട് വിശദമാക്കാത്തതെന്നും എ എ റഹീം ചോദിച്ചു. അത് നല്‍കുന്ന സൂചന നല്ലതല്ല.

കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വിവിധ ടെക്‌നോളജികള്‍ ഉപയോഗിച്ച് ലക്ഷകണക്കിന് വ്യാജ ഐഡി കാര്‍ഡുകള്‍ ഇവര്‍ ഉണ്ടാക്കിയിരിക്കുന്നു. ഉണ്ടാക്കിയ ഐഡി കാര്‍ഡുകള്‍ ആരുടെയെല്ലാം കയ്യിലാണ്, ഇതുവരെ എന്തിനെല്ലാം ഉപയോഗിച്ചു എന്നത് പ്രസക്തമാണ്.

വ്യാജ ഐഡി കാർഡ്: 'വരുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ട്രയൽ റൺ ആണോ?';  എ എ റഹീം
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും, നോട്ടീസ്

വരുന്ന തിരഞ്ഞെടുപ്പില്‍ ഇത് ഉപയോഗിക്കുമോ എന്നുളളതാണ് തങ്ങൾ പങ്കുവെക്കുന്ന വലിയ ആശങ്ക എന്നും എ എ റഹീം പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ ഇത് ഉപയോഗിക്കാനുളള ഒരു ട്രയല്‍ റണ്‍ ആണോ നടന്നത് എന്ന ആശങ്കയുണ്ട്. ആ ആശങ്കയെ ബലപ്പെടുത്തുന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗികമായ നിശ്ശബ്ദതയെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കപ്പെടാന്‍ പോകുന്ന കാര്യത്തില്‍ എന്തുകൊണ്ടാണ് കെപിസിസി നിശ്ശബ്ദത പാലിക്കുന്നതെന്നും എംപി ചോദിച്ചു. വരുന്ന തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിനുളള ട്രയല്‍ റണ്‍ ആണോ നടന്നത്, തിരഞ്ഞെടുപ്പ് മാനിപ്പുലേഷന് കളമൊരുങ്ങുന്നുണ്ടോ എന്ന സംശയത്തെയൊക്കെ ബലപ്പെടുത്തുന്ന കാര്യമാണ് കെപിസിസിയുടെ നിശ്ശബ്ദതയെന്നും എ എ റഹീം പറഞ്ഞു.

ഈ കാര്യത്തിൽ യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വിഭാഗം നേതൃത്വത്തിന് ഒരു തരം പ്രൊഫഷണല്‍ സമീപനമാണ്. എന്ത് വിധേനയും അധികാരം പിടിക്കണം. ഏത് ക്രിമിനല്‍ പ്രവര്‍ത്തനത്തിലൂടെയും അധികാരം പിടിക്കണം. ഇതാണ് ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്. സമീപകാലത്ത് കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരിക്കുന്ന കനഗൊലുമാരുടെ ഉപദേശം ഏത് വഴിയിലൂടെയും അധികാരം പിടിക്കാമെന്നുളളതാണെന്നും എ എ റഹീം കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com