'ഒരു സബ്സിഡി ഉല്‍പ്പന്നം ലഭിക്കാത്തപ്പോൾ മറ്റൊന്ന് ഉറപ്പാക്കും'; വിമർശനങ്ങൾ തണുപ്പിക്കാൻ സർക്കാർ

നിലവിൽ 13 സാധനങ്ങൾക്കാണ് സപ്ലെെകോ സബ്സിഡി നൽകുന്നത്
'ഒരു സബ്സിഡി ഉല്‍പ്പന്നം ലഭിക്കാത്തപ്പോൾ മറ്റൊന്ന് ഉറപ്പാക്കും'; വിമർശനങ്ങൾ തണുപ്പിക്കാൻ സർക്കാർ

തിരുവനന്തപുരം: സപ്ലൈകോയില്‍ കൂടുതൽ ഉല്‍പ്പന്നങ്ങള്‍ സബ്സിഡി നിരക്കിൽ നൽകുന്ന കാര്യം പരിഗണനയിൽ. ഒരു സബ്സിഡി ഉല്‍പ്പന്നം ലഭ്യമാകാത്തപ്പോൾ സബ്സിഡി നിരക്കിൽ മറ്റൊരു ഇനം നൽകാനുള്ള സാധ്യതയാണ് തേടുന്നത്. വില വർധനക്കെതിരായ വിമർശനങ്ങൾ തണുപ്പിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. പുതിയ വിപണന മേഖലകൾ തേടാനും സപ്ലൈകോ ആലോചിക്കുകയാണ്.

നിലവിൽ 13 സാധനങ്ങൾക്കാണ് സപ്ലെെകോ സബ്സിഡി നൽകുന്നത്. ബാധ്യത നികത്താൻ പുതിയ വിപണന മേഖല തേടാനും സപ്ലൈകോ ആലോചിക്കുന്നുണ്ട്. കൂടുതൽ പെട്രോൾ പമ്പുകളും മെഡിക്കൽ ഷോപ്പുകളും തുറക്കുന്നത് പരിഗണനയിലുണ്ട്.

നവകേരള സദസ്സിനുശേഷം മാത്രമേ സംസ്ഥാനത്ത് സബ്സിഡി നിരക്കില്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില വർധിക്കൂ എന്നാണ് സൂചന. നവകേരളസദസ്സ് സംഘടിപ്പിക്കുന്ന ഘട്ടത്തിൽ അവശ്യസാധനങ്ങളുടെ വിലകൂട്ടുന്നത് ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ. ചെറുപയർ, ഉഴുന്ന്, കടല, തുവരപരിപ്പ്, മുളക്, മല്ലി, വന്‍പയര്‍, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നീ സാധനങ്ങള്‍ക്ക് വില കൂടും. ഏഴ് വർഷത്തിന് ശേഷമാണ് ഇപ്പോള്‍ വിലകൂട്ടുന്നത്.

എന്നാല്‍ വില കൂട്ടലല്ല സബ്സിഡി പരിഷ്കരണമാണ് നടപ്പിലാക്കുന്നതെന്നാണ് മന്ത്രി പറയുന്നത്. മാര്‍ക്കറ്റ് വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ തന്നെ സാധനങ്ങള്‍ ലഭ്യമാക്കും. മാര്‍ക്കറ്റിലെ വില വര്‍ധന ഫലപ്രദമായി പിടിച്ചു നിര്‍ത്തുന്ന സ്ഥാപനമാണ് സപ്ലൈകോ. എന്നാല്‍ ഇങ്ങനെ ഫലപ്രദമായി വിപണിയില്‍ ഇടപെടുന്ന സ്ഥാപനമായി സപ്ലൈകോയ്ക്ക് നിലനില്‍ക്കണമെങ്കില്‍ കാലോചിതമായ ചില പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്നും കഴിഞ്ഞ ദിവസം മന്ത്രി പ്രതികരിച്ചിരുന്നു.

സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നതിലൂടെ പ്രതിമാസം 50 കോടിയുടെ അധിക ബാധ്യത സഹിക്കേണ്ടി വരുന്ന സപ്ലൈകോയെ രക്ഷിക്കാൻ മറ്റ് മാർഗ്ഗം ഇല്ലെന്നാണ് ഭക്ഷ്യ മന്ത്രിയുടെ വിശദീകരണം. 

Related Stories

No stories found.
logo
Reporter Live
www.reporterlive.com