‘രാജഭക്തി’ പ്രശ്നമായി; ക്ഷേത്രപ്രവേശന വാര്‍ഷിക നോട്ടീസ് പിൻവലിച്ചു

തിരുവിതാംകൂർ മുൻ രാജകുടുംബത്തോടുള്ള രാജഭക്തി നിറഞ്ഞ നിരവധി പരാമർശങ്ങളാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്.
‘രാജഭക്തി’ പ്രശ്നമായി; ക്ഷേത്രപ്രവേശന വാര്‍ഷിക നോട്ടീസ് പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേത്രപ്രവേശന ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ നോട്ടീസ് വിവാദത്തെ തുടർന്ന് പിൻവലിച്ചു. തിരുവിതാംകൂർ മുൻ രാജകുടുംബത്തോടുള്ള രാജഭക്തി നിറഞ്ഞ നിരവധി പരാമർശങ്ങളാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. നോട്ടീസ് സ്വാഭാവികമായി സംഭവിച്ചു പോയതാണെന്ന വിശദീകരണമാണ് സാംസ്കാരിക പുരാവസ്തു വിഭാഗം ആദ്യം നൽകിയത്. എന്നാല്‍ സംഭവം വിവാദമായതോടെ നോട്ടീസ് പിൻവലിക്കാൻ ദേവസ്വം ബോർഡ് പ്രസിഡൻറ് നിർദ്ദേശം നൽകി.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചുള്ള ദേവസ്വം ബോർഡിൻ്റെ പുരാവസ്തു സാംസ്കാരിക വകുപ്പ് ഇറക്കിയ നോട്ടീസ് ആണ് വിവാദത്തിലായത്.

ഗൗരി ലക്ഷ്മി ഭായി, ഗൗരി പാർവ്വതി ഭായ് എന്നിവർ തിരുവിതാംകൂറിൻ്റെ രാജ്ഞിമാരാണ്. ക്ഷേത്ര പ്രവേശനം സനാതന ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കാൻ വേണ്ടിയാണ്. ചിത്തിര തിരുനാൾ അറിഞ്ഞു നൽകിയതാണ് ക്ഷേത്ര പ്രവേശനം എന്നിങ്ങനെ നോട്ടീസിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നത് അടിമുടി രാജ ഭക്തിയാണ്. നോട്ടീസിൻ്റെ ഉള്ളടക്കത്തിലെ ഗുരുതരമായ തെറ്റ് യാദൃശ്ചികമെന്നാണ് ഇത് പുറത്തിറക്കിയ പുരാവസ്തു സാംസ്കാരിക വിഭാഗം ഡയറക്ടർ ബി മുരളീധരൻ നായരുടെ പക്ഷം.

‘രാജഭക്തി’ പ്രശ്നമായി; ക്ഷേത്രപ്രവേശന വാര്‍ഷിക നോട്ടീസ് പിൻവലിച്ചു
'മഹാരാജാവ് തിരുമനസ്സുകൊണ്ട് തുല്യം ചാര്‍ത്തിയ ക്ഷേത്രപ്രവേശന വിളംബരം'; ദേവസ്വം ബോര്‍ഡ് നോട്ടീസ്

നോട്ടീസിനെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ വിമർശനം ഉയർന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ അടക്കം വിമർശനം ശക്തമായതോടെയാണ് ബോർഡിന് വീണ്ടുവിചാരം ഉണ്ടായത്. നോട്ടീസ് പിൻവലിക്കാൻ പരിപാടിയുടെ ഉദ്ഘാടകൻ കൂടിയായ ദേവസ്വം ബോർഡ് പ്രസിഡൻ്റ് നിർദേശം നൽകി. എന്നാല്‍ പ്രിൻ്റ് ചെയ്ത 100 ഓളം നോട്ടീസുകൾ ഇതിനോടകം വിതരണം ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com