'എവിടെ മറ്റ് പാർട്ടികൾ കാണാനില്ലല്ലോ'; ഇസ്രയേൽ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനമാണെന്ന് മുഖ്യമന്ത്രി

'പലസ്തീനുമായി മാത്രമായിരുന്നു നമ്മുടെ ബന്ധം. പലസ്തീനെ മാത്രമേ നാം അം​ഗീകരിച്ചിട്ടുളളു. ഇസ്രയേൽ നാം അം​ഗീകരിക്കാത്ത രാജ്യമായിരുന്നു'
'എവിടെ മറ്റ് പാർട്ടികൾ കാണാനില്ലല്ലോ'; ഇസ്രയേൽ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനമാണെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ കോൺ​ഗ്രസിനേയും ശശിതരൂരിനേയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എവിടെ രാജ്യത്തെ വലിയ സ്വാധീനമുണ്ടെന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾ. അവരെ കാണാനില്ലല്ലോ. പലസ്തീൻ വിഷയത്തിൽ കേരളത്തിൽ അവരുടെ ശബ്ദം പലതരത്തിൽ വ്യത്യസ്തമായി കേൾക്കുന്നുണ്ടല്ലോ. ഇതൊന്നും അവ്യക്തത കൊണ്ടൊ ആശയകുഴപ്പത്തിന്റെ ഭാ​ഗമായോ വരുന്നതല്ല. കൃത്യമായ നിലപാടില്ലായ്മ, പലസ്തീനുണ്ടായിരുന്ന പിന്തുണയിൽ വന്ന വ്യതിയാനം, ഇസ്രയേലിനോടുണ്ടായ ആഭിമുഖ്യം എന്നിവ മൂലമുളളതാണ്. ഡൽഹിയിൽ ഇടതുപക്ഷം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പക്ഷെ എവിടെ മറ്റ് പാർട്ടികൾ. ഇത്തരം കാര്യങ്ങളിൽ ബഹുജന സ്വാധീനമുളളവർ എന്തെ രംഗത്തുവരാതിരിക്കുന്നതെന്നും പിണറായി വിജയൻ ചോദിച്ചു.

ഇസ്രയേൽ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനമാണ്. പലസ്തീൻ ജനതക്ക് നേരെയുളള നരനായാട്ട് നിർത്തണമെന്നും പലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പലസ്തീൻ ജനങ്ങൾക്ക് നേരെയുളള ഇസ്രയേൽ ആക്രമണത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ക്രൂരമായ ആക്രമണമാണ് പലസ്തീന് നേരെ നടക്കുന്നത്. സ്വാതന്ത്ര സമരക്കാലത്ത് നാം പലസ്തീൻ ജനതയോടൊപ്പമായിരുന്നു. ചേരിചേരാ നയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത സാമ്രാജ്യത്വ വിരുദ്ധ നിലപാട് നമ്മുക്കുണ്ടായിരുന്നു. പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു ആ നയത്തിന് തുടക്കം കുറിച്ചെന്നും പിണറായി വിജയൻ പറഞ്ഞു.

പലസ്തീനുമായി മാത്രമായിരുന്നു നമ്മുടെ ബന്ധം. പലസ്തീനെ മാത്രമേ നാം അം​ഗീകരിച്ചിട്ടുളളു. ഇസ്രയേൽ നാം അം​ഗീകരിക്കാത്ത രാജ്യമായിരുന്നു. ഒരു തരത്തിലുളള ബന്ധം പോലും നാം പുലർത്തിയിരുന്നില്ല. എപ്പോഴാണ് ഇതിന് മാറ്റം വന്നത് എന്ന് ഓർക്കണം. അന്ന് ആയാലും ഇന്നായാലും ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് സാമ്രാജ്യത്വമാണ്. ഇസ്രയേൽ എല്ലാ ക്രൂരതയും കാണിക്കുന്നത് അമേരിക്കൻ പിന്തുണയോടെയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഇസ്രയേലിനെ ഇന്ത്യ അം​ഗീകരിച്ചത് രാജ്യമെന്ന നിലയിലുളള വീണ്ടുവിചാരത്തിന്റെ ഭാ​ഗമായി സംഭവിച്ചതല്ല, കഴിഞ്ഞ കാലത്ത് സ്വീകരിച്ച നയം തെറ്റായിപോയതിന്റെ ഭാ​ഗമായി സംഭവിച്ചതുമല്ല, അതിന് പിന്നിൽ അമേരിക്കയോടുളള ചങ്ങാത്തമായിരുന്നു. ഇന്ത്യ അമേരിക്കയുടെ സമ്മർദ്ദത്തിന് കീഴ്പ്പെട്ടു. രാജ്യത്തിന്റെ നയത്തിൽ പിന്നീട് വെളളം ചേർക്കപ്പെട്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.

റാലിയിലേക്ക് ക്ഷണിച്ചാൽ വരാമെന്ന് ഒരു കൂട്ടർ പറഞ്ഞു. എന്താണ് സംഭവിക്കുകയെന്ന് അറിയാമായിരുന്നു. പരിഭവം കൊണ്ട് പറയുകയല്ലെന്നും പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കുളള ക്ഷണം മുസ്ലിം ലീ​ഗ് നിരസിച്ചതിനെകുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു. മുസ്ലിം ലീ​ഗിന്റെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഒന്നാം യുപിഎ സർക്കാരിന് അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇടതുപക്ഷം പിന്തുണ നൽകിയിരുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന് കീഴ്പ്പെടുന്ന രീതിയിലേക്ക് ആ സർക്കാർ പോയതോടെ അവർക്കുളള പിന്തുണ ഇടതുപക്ഷം പിൻവലിച്ചു. അന്ന് തുടക്കം കുറിച്ചതിന് ബിജെപി ഇന്ന് ശക്തമായ രൂപം നൽകിയിരിക്കുന്നു. ഇത് ​ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com