ഐടി, വ്യവസായ പാര്‍ക്കുകളിലേക്ക് തല്‍ക്കാലം മദ്യമില്ല; ചട്ടവും ചര്‍ച്ചയും പാതിവഴിയില്‍

2022ലെ അബ്കാരി നയത്തിലാണ് ഐടി പാര്‍ക്കുകളില്‍ മദ്യ വിതരണത്തിന് ലൈസന്‍സ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്
ഐടി, വ്യവസായ പാര്‍ക്കുകളിലേക്ക് തല്‍ക്കാലം മദ്യമില്ല; ചട്ടവും ചര്‍ച്ചയും പാതിവഴിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി, വ്യവസായ പാര്‍ക്കുകളിലേക്ക് തല്‍ക്കാലം മദ്യമില്ല. രണ്ട് വര്‍ഷത്തെ അബ്കാരി നയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചട്ടവും ചര്‍ച്ചയും പാതിവഴിയിലായതോടെയാണ് മദ്യവിതരണം വൈകുന്നത്. ഐടി പാര്‍ക്കുകളില്‍ മദ്യ വിതരണത്തിന് ലൈസന്‍സ് അനുവദിക്കാന്‍ പ്രത്യേക ചട്ടം രൂപീകരിക്കുന്നത് ഒരു വര്‍ഷമായി മുടങ്ങിയിരിക്കുകയാണ്. അതേസമയം വ്യവസായ പാര്‍ക്കുകളില്‍ ലൈസന്‍സ് മദ്യം വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ എക്‌സൈസ്-വ്യവസായ വകുപ്പ് ആരംഭിക്കുക പോലും ചെയ്തിട്ടില്ല.

എം വി ഗോവിന്ദന്‍ എക്‌സൈസ് മന്ത്രിയായിരിക്കെ 2022ലെ അബ്കാരി നയത്തിലാണ് ഐടി പാര്‍ക്കുകളില്‍ മദ്യ വിതരണത്തിന് ലൈസന്‍സ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഐടി വകുപ്പിന്റെ ആവശ്യപ്രകാരമായിരുന്നു പ്രഖ്യാപനം. പ്രത്യേക ചട്ടം ആവശ്യമുള്ളതിനാല്‍ ഇതിനുള്ള നടപടികള്‍ എക്‌സൈസ് വകുപ്പ് ആരംഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മദ്യവിതരണത്തിനുള്ള അനുമതി പഞ്ചനക്ഷത്ര ബാര്‍ നടത്തി പരിചയമുള്ളവര്‍ക്ക് നല്‍കണമെന്ന ഐടി വകുപ്പിന്റെ ആവശ്യം തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചു. വിഷയത്തില്‍ ചില ബാറുടമകളും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. പാര്‍ക്കിലെ ഡെവലപ്പര്‍ക്കോ കോ ഡെവലപ്പര്‍ക്കോ ലൈസന്‍സ് നല്‍കുമെന്നും ഇവര്‍ക്ക് ആരെ വേണമെങ്കിലും സമീപിക്കാമെന്നും ഒടുവില്‍ എക്‌സൈസ് വകുപ്പ് ചട്ടത്തിന്റെ കരടുണ്ടാക്കി.

അതേസമയം ഐടി പാര്‍ക്കുകളിലെ മദ്യശാലയ്ക്ക് ബാറിന്റെയോ ക്ലബ്ബുകളുടെയോ സ്വഭാവമില്ലാത്തതിനാല്‍ എഫ്എല്‍ 4സി എന്ന പ്രത്യേക തരത്തിലുള്ള ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചു. 20 ലക്ഷം രൂപ ഫീസാണ് നിശ്ചയിച്ചത്. എക്‌സൈസ് വകുപ്പും നിയമ വകുപ്പും കരട് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ നികുതി വകുപ്പിലെത്തിയതിന് ശേഷം ഫയല്‍ മുന്നോട്ട് പോയില്ല. കരടില്‍ തീരുമാനമെടുക്കുന്നതിലെ ഭരണപരമായ കാലതാമസം എന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

പുതിയ അബ്കാരി നയത്തിലാണ് വ്യവസായ പാര്‍ക്കുകളിലെ മദ്യം വിതരണം ചെയ്യുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. വ്യവസായ വകുപ്പുമായി ചര്‍ച്ച ചെയ്ത് ചട്ടം രൂപീകരിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ എക്‌സൈസ് വകുപ്പ് അത്തരത്തിലുള്ള ഒരു ചര്‍ച്ചയും നടത്തുകയോ ചട്ടം രൂപീകരിക്കാനുള്ള നടപടി ആരംഭിക്കുകയോ ചെയ്തിട്ടില്ല. കെഎസ്‌ഐഡിസിയുടെയും കിന്‍ഫ്രയുടെയും പാര്‍ക്കുകളില്‍ വ്യവസായ യൂണിറ്റുകള്‍ക്ക് പോലും സ്ഥലം ലഭ്യമല്ലാത്ത സ്ഥിതിയുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com