കൂട്ടത്തിലൊരു സ്ത്രീ, അപമാനിതയായാല്‍, കൂടെ നില്‍ക്കാനുള്ള ആര്‍ജ്ജവം കാണിക്കണം; എന്‍ ഡബ്‌ള്യൂ എം ഐ

സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ശിക്ഷാര്‍ഹമായ വകുപ്പുകളില്‍ കേസെടുത്ത്, നിയമനടപടികള്‍ മുന്നോട്ട് നീക്കണമെന്നും എന്‍ ഡബ്‌ള്യൂ എം ഐ ആവശ്യപ്പെട്ടു.
കൂട്ടത്തിലൊരു സ്ത്രീ, അപമാനിതയായാല്‍, കൂടെ നില്‍ക്കാനുള്ള ആര്‍ജ്ജവം കാണിക്കണം; എന്‍ ഡബ്‌ള്യൂ എം ഐ

കൊച്ചി: സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധവുമായി മാധ്യമരംഗത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ലിംഗനീതിയ്ക്കുമായി നിലകൊള്ളുന്ന കൂട്ടായ്മയായ എന്‍ ഡബ്‌ള്യൂ എം ഐ.

കൂട്ടത്തിലൊരു സ്ത്രീ, തൊഴിലിടത്തില്‍ അപമാനിതയായാല്‍, കൂടെ നില്‍ക്കാനുള്ള ആര്‍ജ്ജവം പുരുഷമാധ്യമപ്രവര്‍ത്തകര്‍ കാണിക്കണമെന്ന് എന്‍ ഡബ്‌ള്യൂ എം ഐ പ്രസ്താവനയിലൂടെ ഓര്‍മിപ്പിച്ചു. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ശിക്ഷാര്‍ഹമായ വകുപ്പുകളില്‍ കേസെടുത്ത്, നിയമനടപടികള്‍ മുന്നോട്ട് നീക്കണമെന്നും എന്‍ ഡബ്‌ള്യൂ എം ഐ ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂര്‍ണ രൂപം:

2023 ഒക്ടോബര്‍ 27-ാം തിയതി കോഴിക്കോട്ടെ കെപിഎം ട്രൈപെന്‍ഡ ഹോട്ടലിനു മുന്നില്‍ വച്ച്, മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ചു സംസാരിക്കവെ, ബിജെപി നേതാവും ചലച്ചിത്ര നടനും ദേശീയ പുരസ്‌കാര ജേതാവുമായ സുരേഷ് ഗോപി മീഡിയ വണ്‍ കറസ്പോണ്ടന്റ് ഷിദ ജഗത്തിനു നേരെ നടത്തിയ അനുചിത പെരുമാറ്റമാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിന് തുടക്കമിട്ടത്.

ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഷിദ ഉന്നയിച്ച സുവ്യക്തമായ ചോദ്യത്തോട് ഷിദയെ അപമാനിക്കും വിധം ''മോളെ''എന്ന് അഭിസംബോധന ചെയ്തു ഷിദയുടെ തോളില്‍ കൈവച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇതില്‍ നിന്ന് ഒഴിഞ്ഞുമാറിയ ഷിദ അദ്ദേഹത്തിന്റെ കൈ എടുത്തുമാറ്റി. ആ പ്രതിരോധം അവഗണിച്ചുകൊണ്ട് സുരേഷ് ഗോപി വീണ്ടും ഷിദയുടെ തോളില്‍ കൈവച്ചു. തൊഴിലിടത്തില്‍ നേരിടേണ്ടി വന്ന ഈ അപമാനത്തില്‍ ഷിദ ജഗത് സ്വാഭാവികമായും പ്രതിഷേധിച്ചപ്പോള്‍, അദ്ദേഹം നിരുപാധിക മാപ്പുപറച്ചിലോ ഖേദപ്രകടനമോ നടത്താന്‍ കൂട്ടാക്കിയില്ല.

നേരെ മറിച്ച്, ആ മാധ്യമപ്രവര്‍ത്തകയുടെ ആത്മവിശ്വാസം തന്നെ തകര്‍ക്കാനുള്ള ഉദ്ദേശത്തോടെ സംഭവത്തെ നിസ്സാരവത്കരിക്കും വിധമുള്ള പ്രതികരണവും, അണികളെ ഉപയോഗിച്ച് ഭീകരമായ സൈബര്‍ ആക്രമണവും ''ഷിദക്ക് അതില്‍ പ്രതിഷേധം ഉണ്ടെങ്കില്‍'' എന്ന ഉപാധിയോടെ ഒരു ക്ഷമാപണവുമാണ് സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ പ്രതിഷേധത്തെ പരിഹസിക്കും വിധമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. കൊച്ചി കലൂരില്‍ ട്രാന്‍സ് വ്യക്തികള്‍ക്കൊപ്പം കേരളപ്പിറവി ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെ ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് 'നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ' എന്ന പരിഹാസ രൂപേണയുള്ള പ്രതികരണത്തോടെ ഷിദയുമായി ബന്ധപ്പെട്ട സംഭവത്തെ പുച്ഛിക്കുകയും അപഹസിക്കുകയും കൂടി ചെയ്തു അദ്ദേഹം.

ഇതിന്റെ തുടര്‍ച്ചയാണ് നവംബര്‍ നാലാം തിയതി തൃശൂരിലെ ഗിരിജ തിയേറ്ററിന് മുന്‍പില്‍ വച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധി സൂര്യ സുജിക്കു നേരെയുണ്ടായ അധിക്ഷേപം. തൃശൂര്‍ അതിരൂപത സുരേഷ് ഗോപിക്കെതിരെ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണം ആരായാനാണ് മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയത്. സൂര്യയ്ക്കു നേരെ നോക്കി നാടകീയമായി കൈകൂപ്പി പിടിച്ചു കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസത്തിന്റെ തുടക്കം.

തൊട്ടുപിന്നാലെ, മനോരമന്യൂസിലെ ഒരു പുരുഷറിപ്പോര്‍ട്ടറുടെ തോളില്‍ കൈവച്ചുകൊണ്ട് 'ഇതിന് കുഴപ്പമൊന്നുമില്ലല്ലോ' എന്ന് സുരേഷ് ഗോപി സൂര്യയോട് ചോദിച്ചു.

സൂര്യ അദ്ദേഹത്തിനു നേരെ മൈക്ക് നീട്ടിയപ്പോള്‍ 'നിങ്ങള്‍ അടുത്തുവരുമ്പോള്‍ എനിക്കു പേടിയാകുന്നു' എന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ ഘട്ടത്തിലാണ് സൂര്യ സുജി പ്രതികരിച്ചത്. ഒരു സ്ത്രീയെന്ന നിലയില്‍ ഷിദ അനുഭവിക്കേണ്ടി വന്ന വേദന തനിക്കു മനസിലാകുന്നുണ്ടെന്നും അതിനെ പരിഹസിക്കുന്നത് താങ്കളെ പോലൊരാള്‍ക്ക് ചേര്‍ന്നതല്ലെന്നും സൂര്യ പ്രതികരിച്ചപ്പോള്‍ പതിവ് ശൈലിയില്‍ സൂര്യക്കു നേരെയും സുരേഷ് ഗോപി ആക്രോശിക്കുകയാണുണ്ടായത്. തന്റെയടുത്ത് ആളാവാന്‍ വരരുതെന്നും താന്‍ ഇനി തുടരണമെങ്കില്‍ സൂര്യ മാറി നില്‍ക്കണമെന്നും സുരേഷ് ഗോപി ആക്രോശിച്ചു.

ചുറ്റും കൂടി നിന്ന പുരുഷ മാധ്യമപ്രവര്‍ത്തകരാകട്ടെ മറിച്ചൊരക്ഷരം മിണ്ടാതെ 'യെസ് സര്‍' എന്ന് അദ്ദേഹത്തെ അനുസരിക്കുകയാണുണ്ടായത്. ഇതേ തുടര്‍ന്ന് ഷിദയ്ക്കു നേരെ നടന്ന സൈബര്‍ ആക്രമണത്തിന്റെ ബാക്കിയെന്നോണം സുരേഷ് ഗോപിയുടെ അണികള്‍ സൂര്യയ്ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടു. മുഖ്യധാര മാധ്യമങ്ങള്‍ ഉള്‍പ്പെടെ സുരേഷ് ഗോപിയുടെ നരേറ്റീവിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

തൊഴിലിടത്തിലെ ലിംഗവിവേചനത്തിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്, മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ടു സംഭവങ്ങളും. സുരേഷ് ഗോപി മുന്‍രാജ്യസഭാംഗം കൂടിയാണ്. രണ്ടു സംഭവങ്ങളിലും ഭരണഘടനാതത്വങ്ങളെ ലംഘിക്കും വിധമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.

ഷിദയുമായി ബന്ധപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധി പി ആര്‍ പ്രവീണയ്ക്കു നേരെയുണ്ടായ സൈബര്‍ ആക്രമണവും ഗൗരവമായി പരിഗണിക്കണം. ഷിദയെ പ്രവീണയാണെന്ന് തെറ്റിദ്ധരിച്ച്, പ്രവീണയുടെ ഫോട്ടോ അടക്കം ഉപയോഗിച്ചായിരുന്നു അധിക്ഷേപം. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ പ്രവീണക്കെതിരെ നടത്തിയ ബോഡി ഷേമിങ് അപലപനീയമാണ്. സൂര്യയെ പിന്തുണച്ചുകൊണ്ട് പ്രവീണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിനടിയിലും ആക്രമണം തുടര്‍ന്നു.

ഇത് കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ മാത്രം നേരിടുന്ന അതിക്രമമോ, ഇത്തരം അവസരങ്ങളില്‍ കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ മാത്രം നടത്തുന്ന പ്രതിഷേധമോ ആയി കണക്കാക്കരുത്. 2018ല്‍ ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ തമിഴ്നാട് മുന്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അനുവാദമില്ലാതെ ദി വീക്കിലെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ സ്പര്‍ശിച്ചപ്പോഴും തമിഴ്നാട് മുന്‍ ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് 'നിങ്ങളുടെ കണ്ണട നല്ല ഭംഗിയുണ്ട്, നിങ്ങള്‍ സുന്ദരിയാണ്' എന്നു പറഞ്ഞ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയപ്പോഴും ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സൂര്യനെല്ലികേസിലെ പ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിനുശേഷം രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന് കോണ്‍ഗ്രസ്സിന്റെ പിന്തുണയുണ്ടോ എന്ന് ചോദിച്ച മാതൃഭൂമി ന്യൂസ് വനിത റിപ്പോര്‍ട്ടറോട് മുമ്പൊരിക്കല്‍ കേന്ദ്രമന്ത്രി വയലാര്‍ രവി 'കുര്യനോട് എന്താണ് വ്യക്തിവിരോധം? മുന്‍കാല അനുഭവം വല്ലതുമുണ്ടോ?' എന്ന് ചോദിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

ഈ സന്ദര്‍ഭങ്ങളിലെല്ലാം, വനിതാ മാധ്യമപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് NWMI ഇത്തരം പെരുമാറ്റങ്ങളോട് ശക്തമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ അദ്ദേഹവും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും 'പിതൃവാത്സല്യം' എന്ന ചാതുര്യമാണ് അദ്ദേഹത്തിന്റെ ചെയ്തികളെ ന്യായീകരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. തമിഴ്നാട് മുന്‍ ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ സ്വീകരിച്ച നിലപാട് 'നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ' ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്നു: അതിക്രമിയുടെ ഉദ്ദേശ്യം കണക്കിലെടുക്കലല്ല, ആക്രമിക്കപ്പെട്ട വ്യക്തിയ്ക്ക് അതുണ്ടാക്കിയ ആഘാതത്തെ മാത്രമേ കണക്കിലെടുക്കേണ്ടതുള്ളൂ.

അതിനാല്‍, NWMI ഷിദ ജഗത്തിനും സൂര്യ സുജിക്കും തൊഴിലിടത്തില്‍ ഇത്തരം അതിക്രമങ്ങള്‍ നേരിട്ട മറ്റു വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുമൊപ്പം സുദൃഢമായി നില്‍ക്കുന്നു. കൂട്ടത്തിലൊരു സ്ത്രീ, തൊഴിലിടത്തില്‍ അപമാനിതയായാല്‍, കൂടെ നില്‍ക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് ഈ അവസരത്തില്‍ പുരുഷമാധ്യമപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

സൈബര്‍ ആക്രമണം നടത്തുന്നത് ആരായാലും, അവരെ തിരിച്ചറിഞ്ഞ് ശിക്ഷാര്‍ഹമായ വകുപ്പുകളില്‍ കേസെടുത്ത്, നിയമനടപടികള്‍ മുന്നോട്ട് നീക്കണം എന്ന് സംസ്ഥാന ആഭ്യന്തരവകുപ്പിനോട് നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യ (NWMI) ആവശ്യപ്പെടുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com