'സംസ്ഥാനത്ത് നടക്കുന്നത് ധൂർത്ത്'; കേരളീയത്തെ ലക്ഷ്യമാക്കി ഗവർണർ

സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ തന്നെ ദുർവ്യയങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നാണ് രൂക്ഷഭാഷയിലുള്ള ഗവർണറുടെ വിമർശനം
'സംസ്ഥാനത്ത് നടക്കുന്നത് ധൂർത്ത്'; കേരളീയത്തെ ലക്ഷ്യമാക്കി ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്നത് ധൂർത്തെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെൻഷൻ പോലും നൽകാൻ സർക്കാരിന് പണമില്ലാത്തപ്പോൾ വ്യക്തിപരമായ ആവശ്യത്തിനു സ്വിമ്മിംഗ് പൂൾ ഉണ്ടാക്കാൻ പണം ചെലവാക്കുന്നുവെന്ന് മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി ഗവർണർ ആരോപിച്ചു. ഗവർണർ ബില്ലുകൾ ഒപ്പിടാത്തതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പുനഃരാലോചന ഇല്ലെന്ന നിലപാടിൽ തന്നെയാണ് ഗവർണർ.

സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ തന്നെ ദുർവ്യയങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നാണ് രൂക്ഷഭാഷയിലുള്ള ഗവർണറുടെ വിമർശനം. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചതാണ്. എന്നാൽ അതേ സർക്കാർ തന്നെ ആഘോഷങ്ങളുടെ പേരിൽ പണം പാഴാക്കുകയാണെന്ന് ഗവർണർ ആരോപിച്ചു.

കേരളീയം പരിപാടിയുടെ പേര് പറയാതെയാണ് കേരളീയത്തെ കൂടി ലക്ഷ്യമാക്കിയുള്ള ഗവർണറുടെ പ്രതികരണം. സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കുന്ന വിഷയങ്ങളിൽ ധനബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ മുൻകൂർ അനുമതി വേണം. ആ അനുമതി തേടാതെയാണ് വി സി നിയമനവുമായി ബന്ധപ്പെട്ട ബില്ലുകൾ സർക്കാർ പാസാക്കിയതെന്ന് ഗവർണർ ആവർത്തിച്ചു. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, കോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ച ശേഷം മാത്രം തുടർ നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് രാജ് ഭവൻ്റെ തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com