ചിലരോട് ആജന്മവൈര്യമുള്ളത് പോലെയായിരുന്നു പെരുമാറ്റം: വിഎസിനെതിരെ വെളിപ്പെടുത്തലുമായി എം എം ലോറന്‍സ്

ശനിയാഴ്ച്ചയാണ് എംഎം ലോറന്‍സിന്റെ ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ എന്ന ആത്മകഥ പ്രകാശനം ചെയ്യുന്നത്
ചിലരോട് ആജന്മവൈര്യമുള്ളത് പോലെയായിരുന്നു പെരുമാറ്റം: വിഎസിനെതിരെ വെളിപ്പെടുത്തലുമായി എം എം  ലോറന്‍സ്

തിരുവനന്തപുരം: വി എസിനെതിരെ വിമര്‍ശനവുമായി എംഎം ലോറന്‍സിന്റെ ആത്മകഥ. വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ വിഎസ് പ്രത്യേക സ്‌ക്വാഡ് പോലെ ആളുകളെ നിയോഗിച്ചിരുന്നുവെന്നും എകെജി സെന്ററിലെ ഇഎംഎസിന്റെ സാന്നിധ്യം അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന വി എസിന് ഇഷ്ടമായിരുന്നില്ലെന്നും തന്റെ അപ്രമാദിത്വം ഇടിഞ്ഞോയെന്ന ആശങ്കയായിരുന്നുവെന്നും എംഎം ലോറന്‍സ് പറഞ്ഞു. കോഴിക്കോട് സമ്മേളനത്തില്‍ വി എസ് അനുകൂലികള്‍ ഇഎംഎസിനെ വിമര്‍ശിച്ചു. 1998 ല്‍ പാലക്കാട് സമ്മേളനത്തില്‍ താന്‍ ഉള്‍പ്പെടെ പതിനാറ് പേരെ പദ്ധതിയിട്ട് തോല്‍പ്പിച്ചെന്നും ആത്മകഥയില്‍ പറയുന്നു.

ശനിയാഴ്ച്ചയാണ് എംഎം ലോറന്‍സിന്റെ ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ എന്ന ആത്മകഥ പ്രകാശനം ചെയ്യുന്നത്. അതിലെ പ്രസക്തഭാഗങ്ങളാണ് ഇപ്പോള്‍ 'പച്ചക്കുതിര' മാസികയിലൂടെ പുറത്ത് വന്നിരിക്കുന്നത്. സിപിഐഎമ്മില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിന് ശേഷമുള്ള വിഭാഗീയതയുടെയെല്ലാം കേന്ദ്രം വിഎസ് അച്യുതാനന്ദനായിരുന്നുവെന്നും എംഎം ലോറന്‍സ് ആരോപിക്കുന്നു.

'വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ അച്യുതാനന്ദന്‍ പ്രത്യേകം സ്‌ക്വാഡ് പോലെ ആളുകളെ ഉപയോഗിച്ചു. അത് കമ്മ്യുണിസ്റ്റ് സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് മാത്രമല്ല, കമ്മ്യുണിസ്റ്റ് സംഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഇവരില്‍ പലരും പിന്നീട് അച്യുതാനന്ദനുമായി തെറ്റുന്നതാണ് കണ്ടത്. ആദ്യമായി പാര്‍ട്ടിയില്‍ വിഭാഗീയതയ്ക്ക് കരുനീക്കം നടന്ന എറണാകുളം ജില്ലയില്‍ ആ കനല്‍ മുഴുവനായും കെട്ടടങ്ങിയിട്ടില്ല. പിന്നീട് എത്രയോ നാടകങ്ങള്‍ നടന്നു. ഒളിക്യാമറക്കഥകള്‍ വരെ അരങ്ങേറി. സഖാക്കളുടെ ഒരുമയും സ്‌നേഹബന്ധങ്ങളും വിഭജിക്കപ്പെട്ടു.' എംഎം ലോറന്‍സ് എഴുതുന്നു.

'ചിലരോട് ആജന്മവൈര്യമുള്ളത് പോലെയായിരുന്നു വിഎസിന്റെ പെരുമാറ്റം. എ പി കുര്യനെ കണ്ടുകൂടായിരുന്നു. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കുര്യനെ കാണുന്നത് തന്നെ അച്യുതാനന്ദന് കലിയായിരുന്നു. ആ കലി തീര്‍ത്തത് പല വഴിക്കാണ്. രോഗം വന്ന എ പി കുര്യന്‍ മരിച്ചു. അനുശോചന യോഗത്തില്‍ പങ്കെടുത്ത അച്യുതാനന്ദന്‍ ഒരു സന്ദര്‍ഭവും ഇല്ലാതെ 'കഷണ്ടിക്കും കാന്‍സറിനും മരുന്നില്ല' എന്ന് പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ഞാന്‍ അതിന് നല്ല മറുപടി കൊടുത്തു. അങ്ങനെ പ്രതികരിച്ചില്ലെങ്കില്‍ ഞാന്‍ മനുഷ്യനാവില്ലെന്ന് തോന്നി.'

ഇടതുമുന്നണിയില്‍ അഖിലേന്ത്യാ ലീഗിനേയും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തേയും എടുക്കുന്ന പ്രശ്‌നം വന്നപ്പോള്‍ ഇഎംഎസ് ഇവരോട് അകല്‍ച്ച വേണ്ടെന്ന നിലപാടുകാരനായിരുന്നു. കേരള രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കിയ എനിക്കും മറ്റു പല സഖാക്കള്‍ക്കും ആ അഭിപ്രായമാണുണ്ടായിരുന്നത്. ഇത് സംബന്ധിച്ച് ഇഎംഎസിന്റെ ലേഖനം പുറത്ത് വന്നപ്പോള്‍ അച്യുതാനന്ദന്‍ അതില്‍കയറിപ്പിടിച്ചു. കേന്ദ്രനേതൃത്വത്തിനെതിരായി ഇഎംഎസ് ലേഖനം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നുവെന്ന് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഏശിയില്ല. മാധ്യമങ്ങളാകട്ടെ, ഇഎംഎസിന് നല്‍കിയ പ്രാമുഖ്യം മറ്റാര്‍ക്കും നല്‍കിയില്ല.' എന്നും ആത്മകഥയില്‍ വിമര്‍ശനം ഉയര്‍ന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com