'മുഖ്യമന്ത്രി രാജിവയ്ക്കണം'; എൻഡിഎ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ഉപരോധം

സർക്കാരിനെതിരെ കേരളം കണ്ടിട്ടുള്ള ഏറ്റവും ശക്തമായ സമരമായിരിക്കുമിതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി വി രാജേഷ്
'മുഖ്യമന്ത്രി രാജിവയ്ക്കണം'; എൻഡിഎ നേതൃത്വത്തിൽ  സെക്രട്ടറിയേറ്റ് ഉപരോധം

തിരുവനന്തപുരം: ബിജെപി മുന്നണിയായ എൻഡിഎയുടെ നേതൃത്വത്തിൽ നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ഇന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാവിലെ 6 മുതൽ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിലെത്തി. സർക്കാരിനെതിരെ കേരളം കണ്ടിട്ടുള്ള ഏറ്റവും ശക്തമായ സമരമായിരിക്കുമിതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി വി രാജേഷ് പറഞ്ഞു. സെക്രട്ടറിയേറ്റിൻെറ എല്ലാ ഗേറ്റുകളും ഉപരോധിച്ചുകൊണ്ടുളള സമരത്തിൽ ഒരു ലക്ഷംപേർ പങ്കെടുക്കുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. ഉച്ചയ്ക്ക് 3 മണിക്ക് ഹൈസിന്ത് ഹോട്ടലിൽ നടക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃയോഗവും ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും.

അതേസമയം, കളമശേരി സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്തിരിക്കുന്ന സർവ്വകക്ഷി യോഗം ഇന്ന് നടക്കും. രാവിലെ 10-ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം. പ്രാർത്ഥനാ പരിപാടിക്കിടെ നടന്ന സ്ഫോടനം സംസ്ഥാനത്തെ പൊതു സമാധാനാന്തരീക്ഷത്തിന് ഭീഷണിയാകരുതെന്ന കാഴ്ചപ്പാടിലാണ് അടിയന്തിരമായി സർവ്വകക്ഷിയോഗം വിളിച്ചത്.

സമൂഹത്തിൽ തെറ്റായ സന്ദേശങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും ഇടനൽകുന്ന തരത്തിലുളള പ്രതികരണങ്ങളിൽ നിന്ന് രാഷ്ട്രീയ കക്ഷികൾ ഒഴിഞ്ഞ് നിൽക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിക്കും. സമാധാനാന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com