പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചു; വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

നോർത്ത് സ്റ്റേഷനിലെത്തിയ വിനായകൻ പരസ്യമായി സിഗരറ്റ് വലിച്ചതിന് പൊലീസ് ആദ്യം പിഴയീടാക്കി
പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചു; വിനായകനെ  അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഉച്ചയ്ക്ക് സ്റ്റേഷനിൽ വിളിച്ച് കുടുംബ പ്രശ്നങ്ങളിൽ പരാതിപ്പെട്ട വിനായകൻ വൈകിട്ട് സ്റ്റേഷനിൽ എത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ലഹരി ഉപയോഗിച്ചാണ് വിനായകൻ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

'കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് വിനായകന്‍ ഉച്ചയ്ക്ക് നോർത്ത് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി. ഇവിടെ വെച്ചാണ് വിനായകന്‍ പൊലീസുകാരോട് ആദ്യം മോശമായി പെരുമാറിയത്. തുടർന്ന് പൊലീസ് സംഘം മടങ്ങി. വൈകിട്ട് 6.30 മണിയോടെയാണ് വിനായകൻ പൊലീസ് സ്റ്റേഷനിലെത്തി കേസിനാസ്പദമായ ബഹളം ഉണ്ടാക്കിയത്.' സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിച്ചു.

നോർത്ത് സ്റ്റേഷനിലെത്തിയ വിനായകൻ പരസ്യമായി സിഗരറ്റ് വലിച്ചതിന് പൊലീസ് ആദ്യം പിഴയീടാക്കി. ഇതിനുശേഷം സ്റ്റേഷനില്‍ കയറി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് നിയന്ത്രണമില്ലാതെ പെരുമാറി, സർക്കാർ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു തുടങ്ങി സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയത്. പൊലീസിന് എന്തുവേണമെങ്കിലും പറയാമല്ലോ, പറയാനുള്ളത് സ്റ്റേഷനിൽ വച്ച് പറയുമെന്ന് വൈദ്യ പരിശോധനയ്ക്കിടെ പ്രതികരിച്ച വിനായകൻ എന്നാൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയപ്പോൾ പ്രതികരിച്ചില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com