'ക്ഷേത്രങ്ങളിൽ കളരിയുടെ സംസ്കാരം ഉയർന്നുവന്ന നാടാണ് കേരളം'; മാസ് ഡ്രിൽ നിരോധനത്തിനെതിരെ ശ്രീധരൻപിള്ള

'എല്ലാവർക്കും വിശാലമായ കാഴ്ചപ്പാട് ഉണ്ടാകണം. വിഷയത്തിൽ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കട്ടെ'
'ക്ഷേത്രങ്ങളിൽ കളരിയുടെ സംസ്കാരം ഉയർന്നുവന്ന നാടാണ് കേരളം'; മാസ് ഡ്രിൽ നിരോധനത്തിനെതിരെ ശ്രീധരൻപിള്ള

പത്തനംതിട്ട: ക്ഷേത്രങ്ങളിൽ മാസ് ഡ്രിൽ നിരോധിച്ച ദേവസ്വം ബോർഡ് സർക്കുലറിനെതിരെ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള. ക്ഷേത്രങ്ങളിൽ കളരിയുടെ സംസ്കാരം ഉയർന്നുവന്ന നാടാണ് കേരളം. ക്ഷേത്രങ്ങളിൽ പരിശീലന മുറ പാടില്ല എന്ന് പറയുന്നവർ ഇത് ചിന്തിക്കണമെന്നും ശ്രീധരൻപിള്ള റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. എല്ലാവർക്കും വിശാലമായ കാഴ്ചപ്പാട് ഉണ്ടാകണം. വിഷയത്തിൽ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കട്ടെ. താൻ വിവാദങ്ങൾക്കില്ലെന്നും പി എസ് ശ്രീധരൻപിള്ള പറഞ്ഞു.

ക്ഷേത്രങ്ങളില്‍ പരിശീലനവും പ്രതിഷേധ നാമജപവും നടത്തുന്നതിനും കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ ആര്‍എസ്എസ് അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് സര്‍ക്കുലറിനെതിരെ ഉടന്‍ പ്രതിഷേധങ്ങള്‍ക്കിറങ്ങില്ലെങ്കിലും വിഷയം പഠിച്ച് നിയമനടപടി ഉള്‍പ്പെടെ സ്വീകരിക്കാനാണ് സംഘടനയുടെ ആലോചന.

ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് സംഘടനയുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിനും ആയോധന പരിശീലന മുറകള്‍ ഉള്‍പ്പെടെ മാസ്സ്ഡ്രില്‍ നടത്തുന്നതിനും നേരത്തെ മുതല്‍ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ബോര്‍ഡിന്റെ അനുമതിയില്ലാതെ അനധികൃതമായി ക്ഷേത്ര വസ്തുവില്‍ കയറി ആര്‍എസ്എസും തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ കൂട്ടായ്മകളും പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നോട്ടീസ് നല്‍കുന്നതടക്കം നിയമനടപടികള്‍ സ്വീകരിക്കുകയും വിവരം ദേവസ്വം ബോര്‍ഡിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ആവശ്യമെങ്കില്‍ പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റേയും സേവനം ആവശ്യപ്പെടുമെന്നും സര്‍ക്കുലറിലൂടെ അറിയിച്ചു.

ക്ഷേത്രകാര്യങ്ങളുമായി ബന്ധമില്ലാതെ ചിലരുടെ ചിത്രങ്ങള്‍, ഫ്ളക്സുകള്‍, കൊടി തോരണങ്ങള്‍, രാഷ്ട്രീയ സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട് ചിഹ്നങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അടിയന്തരമായി നീക്കണം. ആര്‍എസ്എസിന്റേയും തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനയുടെയോ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ആയോധന പരിശീലന മുറകള്‍ ഉള്‍പ്പെടെയുള്ള മാസ്സ്ഡ്രില്‍ നടത്തുന്നുണ്ടോ എന്നതും സംബന്ധിച്ച് പരിശോധനയുടെ ഭാഗമായി രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ മിന്നല്‍ പരിശോധന നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ക്ഷേത്ര ഉപദേശകസമിതികളെ കൂടാതെ യാതൊരു സമിതികളും ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്നത് അനുവദിക്കില്ല. ക്ഷേത്രോത്സവങ്ങള്‍, ചടങ്ങുകള്‍ എന്നിവയുടെ നോട്ടീസ്, ലഘുലേഖ എന്നിവയില്‍ വ്യക്തികളുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്നും സ‍ർക്കുലറിൽ പറയുന്നു.

'ക്ഷേത്രങ്ങളിൽ കളരിയുടെ സംസ്കാരം ഉയർന്നുവന്ന നാടാണ് കേരളം'; മാസ് ഡ്രിൽ നിരോധനത്തിനെതിരെ ശ്രീധരൻപിള്ള
'ക്ഷേത്ര പരിസരത്ത് കാവിക്കൊടി വേണ്ട'; ആവശ്യം തള്ളി ഹൈക്കോടതി

Related Stories

No stories found.
logo
Reporter Live
www.reporterlive.com