'പെട്ടിയിൽ വെയ്ക്കും വരെ എംഎൽഎയും എംപിയുമാകണമെന്നത് അസംബന്ധം'; ജോസഫിന്റെ കാലം കഴിഞ്ഞെന്ന് എം എം മണി

'മുഖ്യമന്ത്രി വരുമ്പോഴൊക്കെ പിജെ ജോസഫിന് ഉവ്വാവു. താൻ മുമ്പിത് പറഞ്ഞത് വിവാദമാക്കിയിരുന്നു'
'പെട്ടിയിൽ വെയ്ക്കും വരെ എംഎൽഎയും എംപിയുമാകണമെന്നത് അസംബന്ധം'; ജോസഫിന്റെ കാലം കഴിഞ്ഞെന്ന് എം എം മണി

ഇടുക്കി: കേരളാ കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം നേതാവ് പി ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. ചത്തതിലൊക്കുമേ ജീവിച്ചിരിക്കും എന്ന് പറയുന്നതുപോലെയാണ്. ഇനി ചെറുപ്പക്കാർ വരട്ടെ. തനിക്കും വയ്യാതെയായി ചാകുന്നത് വരെ എംഎൽഎ ആയിരിക്കാൻ തന്നെ കിട്ടില്ലെന്നും എം എം മണി പറഞ്ഞു.

മുഖ്യമന്ത്രി വരുമ്പോഴൊക്കെ പിജെ ജോസഫിന് ഉവ്വാവു. താൻ മുമ്പിത് പറഞ്ഞത് വിവാദമാക്കിയിരുന്നു. ഇപ്പോഴും ഇതുതന്നെ പറയും. പി ജെ ജോസഫിന്റെ കാലം കഴിഞ്ഞു. തന്റേത് കഴിയാൻ പോകുന്നു. പുതിയ തലമുറ വരട്ടെ എന്നാണ് തന്റെ നിലപാടെന്നും എം എം മണി വ്യക്തമാക്കി.

പെട്ടിയിൽ വെക്കുന്നതുവരെ എംഎൽഎയും എംപി ആകണം എന്ന് പറയുന്നത് അസംബന്ധമാണ്. അങ്ങനെയുള്ളവരെ വോട്ട് ചെയ്യാതെ തോൽപ്പിക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു. തൊടുപുഴക്കാരുടെ ഗതികേടാണ് പി ജെ ജോസഫ് എന്നും അദ്ദേഹത്തിന് വോട്ട് ചെയ്തവർ ഗതികെട്ടവരാണെന്നും നേരത്തെ എംഎം മണി വിമർശിച്ചിരുന്നു.

പി ജെ ജോസഫ് നിയമസഭയിൽ കാലുകുത്തുന്നില്ല. ഹൈറേഞ്ചിൽ ആയിരുന്നെങ്കിൽ ആളുകൾ എടുത്തിട്ട് ചവിട്ടിയേനെ. രോഗം ഉണ്ടേൽ ചികിത്സിക്കണം. വോട്ടർമാർ ജോസഫിന്റെ വീട്ടിലേക്ക് മാർച്ച് നടത്തണമെന്നും എംഎം മണി ആവശ്യപ്പെട്ടിരുന്നു. ഇടുക്കി എം പി ഡീൻ കുര്യക്കോസിനേയും എം എം മണി പരിഹസിച്ചു. ഡീൻ കുര്യക്കോസ് എം പിയെ കാണാനില്ല. എവിടെയോ ഒന്ന് രണ്ടു പരിപാടിക്ക് കണ്ടു എന്നും എം എം മണി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com