നിയമസഭാ കയ്യാങ്കളിക്കേസ് നീളും; തുടരന്വേഷണം ചോദ്യം ചെയ്ത് പ്രതികൾ

നിയമസഭാ കയ്യാങ്കളിക്കേസ് നീളും; തുടരന്വേഷണം ചോദ്യം ചെയ്ത് പ്രതികൾ

അന്വേഷണ ഉദ്യോഗസ്ഥനല്ല തുടരന്വേഷണം നടത്തിയതെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതികൾ

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസ് വിചാരണ ഇനിയും നീളും. തുടരന്വേഷണം നടത്തിയത് പിടിവള്ളിയാക്കാന്‍ പ്രതികള്‍. തുടരന്വേഷണം നടത്തിയത് എന്തിനെന്ന് പ്രതികള്‍ കോടതിയില്‍ ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനല്ല തുടരന്വേഷണം നടത്തിയതെന്ന നിലപാടും കോടതിയില്‍ പ്രതികള്‍ സ്വീകരിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതികള്‍ ചൂണ്ടിക്കാണിച്ചു. പ്രതികള്‍ ഉന്നയിച്ച വിഷയത്തില്‍ പ്രോസിക്യൂഷന് മറുപടിയില്ലായിരുന്നു.

തുടരന്വേഷണത്തിന്റെ രേഖകളും പ്രതികള്‍ ആവശ്യപ്പെട്ടു. രേഖകള്‍ നല്‍കാന്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ബോധിപ്പിച്ചു. ഇതിനിടെ സംഘര്‍ഷം മനപൂര്‍വമല്ലെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു. വനിതാ എംഎല്‍എമാരെ കൈയ്യേറ്റം ചെയ്തതിലായിരുന്നു പ്രതിഷേധമെന്നാണ് ഇവരുടെ വാദം. ഉന്തിലും തള്ളിലുമാണ് നാശനഷ്ടമുണ്ടായതെന്നും കേസ് നിലനില്‍ക്കില്ലെന്നും പ്രതികള്‍ വാദിച്ചു. കേസ് ഡിസംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.

ഇതിനിടെ നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാര്‍ നടത്തുന്നത് ഒത്തുകളിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. വിചാരണ തുടങ്ങുന്ന ഘട്ടത്തില്‍ തുടരന്വേഷണം വന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് വന്നപ്പോള്‍ പുതിയ തടസ്സം ഉയര്‍ന്നിരിക്കുകയാണെന്നുമാണ് ആക്ഷേപം.

2015 മാര്‍ച്ച് 13നാണ് കേസിന് ആസ്പദമായ സംഭവം കേരള നിയമസഭയില്‍ ഉണ്ടാകുന്നത്. ബാര്‍ കോഴക്കേസിലെ പ്രതിയായിരുന്ന അന്നത്തെ ധനകാര്യമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് സംഘര്‍ഷം ഉണ്ടായത്. ഇതേ തുടര്‍ന്ന് സഭയില്‍ 2,20092 രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പൊലീസ് കേസ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com