ഇന്ത്യയുടെ മിസെെല്‍മാന്‍റെ 92-ാം ജന്മവാര്‍ഷികം

സ്വപ്നം കാണുക, സ്വപ്നത്തിന് വേണ്ടി പ്രയത്‌നിക്കുക എന്നതായിരുന്നു ലോകത്തിന് കലാം നല്‍കിയ സന്ദേശം
ഇന്ത്യയുടെ മിസെെല്‍മാന്‍റെ 92-ാം ജന്മവാര്‍ഷികം

കൊച്ചി: ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ എപിജെ അബ്ദുള്‍ കലാമിന്റെ 92 ആം ജന്മവാര്‍ഷികമാണിന്ന്. ശാസ്ത്രജ്ഞന്‍ മാത്രമല്ല ഇന്ത്യ കണ്ട എക്കാലത്തെയും ജനകീയനായ രാഷ്ട്രപതി കൂടിയായിരുന്നു എപിജെ. ജനങ്ങളുടെ പ്രസിഡന്റ്, മിസൈല്‍മാന്‍ എന്നിങ്ങനെയാണ് കലാം അറിയപ്പെട്ടിരുന്നത്. ലോക വിദ്യാര്‍ത്ഥി ദിനമായാണ് കലാമിന്റെ ജന്മദിനം ആചരിക്കുന്നത്. കുട്ടികളോടുളള സ്‌നേഹവും വാത്സല്യവും എക്കാലവും സൂക്ഷിച്ച, അധ്യാപകനായി ഓര്‍മിക്കപെടണമെന്നാഗ്രഹിച്ച അബ്ദുള്‍ കലാം ലോകത്തെമ്പാടുമുളള വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാണ്.

1931 ഒക്ടോബര്‍ 15ന് രാമേശ്വരത്താണ് കലാം ജനിച്ചത്. അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്നാണ് യഥാര്‍ത്ഥ പേര്. പത്രം വിതരണം ചെയ്ത് നടന്ന കുട്ടിക്കാലത്ത് നിന്നും ബഹിരാകാശ എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം 1960ല്‍ ഡിആര്‍ഡിഒയില്‍ ശാസ്ത്രജ്ഞനായി ജോലി ആരംഭിച്ചു. 1969ല്‍ ഐഎസ്ആര്‍ഒയിലെത്തി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും വികസനത്തില്‍ കലാമിന്റെ പങ്ക് വിലമതിക്കാനാകാത്തതാണ്.

അഗ്‌നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവാണ് കലാം. 1998ല്‍ പൊക്രാനില്‍ നടന്ന രണ്ടാം ആണവായുധ പരീക്ഷണത്തിലും കലാം വലിയ പങ്ക് വഹിച്ചു. മിസൈല്‍ സാങ്കേതികവിദ്യയിലുള്ള കലാമിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് ഇന്ത്യയുടെ 'മിസൈല്‍മാന്‍' എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഉന്നത പദവികള്‍ അലങ്കരിക്കുമ്പോഴും ലാളിത്യമായിരുന്നു എപിജെ അബ്ദുള്‍ കലാമിന്റെ മുഖമുദ്ര. വിനയം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. ഏത് പ്രതിസന്ധിഘട്ടത്തിലും ക്ഷമയും സൗമ്യതയും അദ്ദേഹം കൈവിട്ടില്ല. 2002ല്‍ ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി.

1981ല്‍ പത്മഭൂഷണ്‍, 1990ല്‍ പത്മവിഭൂഷണ്‍, 1997ല്‍ ഭാരതരത്നം എന്നീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചു. ജീവിത കഥയായ 'അഗ്നിച്ചിറകുകള്‍' ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ എഴുതി. യുവാക്കളോടും വിദ്യാര്‍ത്ഥികളോടും ഏറെ മമത പുലര്‍ത്തിയുന്ന അബ്ദുള്‍ കലാമിന്റെ ജന്മദിനം വിദ്യാര്‍ത്ഥി ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭയാണ് തീരുമാനിച്ചത്. 2010 മുതലാണ് ലോക വിദ്യാര്‍ത്ഥി ദിനം ആചരിച്ചു തുടങ്ങിയത്. സ്വപ്നം കാണുക, സ്വപ്നത്തിന് വേണ്ടി പ്രയത്‌നിക്കുക എന്നതായിരുന്നു ലോകത്തിന് കലാം നല്‍കിയ സന്ദേശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com