കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ഇഡി അന്വേഷണം സഹകരണ സ്ഥാപനങ്ങളിലേക്കും; റബ്കോ എംഡിയെ ചോദ്യം ചെയ്യും

കൂടുതൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളും.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ഇഡി അന്വേഷണം സഹകരണ സ്ഥാപനങ്ങളിലേക്കും; റബ്കോ എംഡിയെ ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സഹകരണ വകുപ്പിലേക്കും സഹകരണ സ്ഥാപനങ്ങളിലേക്കും നീളുന്നു. സഹകരണ വകുപ്പ് രജിസ്ട്രാർ ടി വി സുഭാഷ്, റബ്കോ മാനേജിംഗ് ഡയറക്ടർ ഹരിദാസൻ നമ്പ്യാർ എന്നിവർക്ക് ഇന്ന് ഹാജരാകാൻ ഇഡി നിർദ്ദേശം നൽകി. കൊച്ചി ഇഡി ഓഫീസിൽ രാവിലെ 11 ന് ഹാജരാകാനാണ് നിർദ്ദേശം. എന്നാൽ സഹകരണ വകുപ്പ് രജിസ്ട്രാർ ടിവി സുഭാഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാക്കില്ലെന്ന് ഇഡിയെ അറിയിച്ചു.

കൂടുതൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളും. അതിനിടെ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്റെയും ബന്ധുക്കളുടേയും സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കാനുള്ള ഇഡി നിർദ്ദേശം അനുസരിക്കാത്ത സാഹചര്യത്തിൽ കണ്ണന്റെ അറസ്റ്റ് വൈകാതെയുണ്ടാകും എന്നാണ് സൂചന. അറസ്റ്റിലായ സിപിഐഎം നേതാവ് പി എം അരവിന്ദാക്ഷൻ, ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷ പിഎംഎൽഎ പ്രത്യേക കോടതി നാളെ പരിഗണിക്കും.

എം കെ കണ്ണൻ ഹാജരാക്കിയ രേഖകൾ ഇഡി നിരസിച്ചിരുന്നു. എം കെ കണ്ണൻ കുടുംബത്തിന്റെ സ്വത്ത് വിവരങ്ങൾ ഹാജരാക്കിയിട്ടില്ലെന്ന് ഇഡി വ്യക്തമാക്കി. നേരത്തെ രണ്ട് തവണ ഇഡി എം കെ കണ്ണനെ ചോദ്യം ചെയ്തിരുന്നു. ആദ്യവട്ടം ഏഴുമണിക്കൂറിലേറെ സമയം ചോദ്യം ചെയ്തിരുന്നു. ഇഡി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് ഇഡി കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രണ്ടാം തവണ ഹാജരായപ്പോള്‍ നാല് മണിക്കൂറിനുള്ളില്‍ കണ്ണനെ ഇ ഡി വിട്ടയച്ചിരുന്നു. ‌കണ്ണന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് വിട്ടയച്ചതെന്നുമായിരുന്നു ഇ ഡിയുടെ വിശദീകരണം. എന്നാല്‍ ഇത് എം കെ കണ്ണന്‍ നിഷേധിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com