'സഹകരണം സിപിഐഎമ്മിന്റെ കൈയ്യില്‍ നിന്ന് മാറ്റണം';വാസവന്‍ വെറും പാര്‍ട്ടി നേതാവെന്ന് ശോഭാസുരേന്ദ്രന്‍

ഒരു അസുഖം വന്നാല്‍ പോലും പണം തിരികെ കിട്ടാത്ത അവസ്ഥയാണ് കരുവന്നൂരില്‍ ഉളളതെന്നും ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചു
'സഹകരണം സിപിഐഎമ്മിന്റെ കൈയ്യില്‍ നിന്ന് മാറ്റണം';വാസവന്‍ വെറും പാര്‍ട്ടി നേതാവെന്ന് ശോഭാസുരേന്ദ്രന്‍

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഒരു ചില്ലികാശ് പോലും നഷ്ടപ്പെടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഒരു അസുഖം വന്നാല്‍ പോലും പണം തിരികെ കിട്ടാത്ത അവസ്ഥയാണ് കരുവന്നൂരില്‍ ഉളളതെന്നും ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

'പണം നഷ്ടപ്പെട്ടവര്‍ എന്തുചെയ്യണമെന്ന് മുഖ്യമന്ത്രി പറയണം. പണം നഷ്ടപ്പെട്ടുപോയ സഹകാരികളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം തൃശ്ശൂരിലെ സിപിഐഎം നേതാക്കള്‍ക്കാണ്. കരുവന്നൂരില്‍ നിന്ന് തട്ടിയ പണം വിദേശത്തേക്ക് പോലും കടത്തി. പി സതീഷ് കുമാര്‍ പണം നിക്ഷേപിച്ചത് വിദേശത്താണ്. പിന്നെ എവിടെ നിന്ന് പണമെടുത്ത് മുഖ്യമന്ത്രി സഹകാരികള്‍ക്ക് കൊടുക്കും.' ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.

സഹകരണമന്ത്രി വി എന്‍ വാസവന്‍ വെറും പാര്‍ട്ടി നേതാവായി മാത്രം പെരുമാറുന്നു. നഷ്ടപ്പെട്ട പണം അടിയന്തരമായി വിതരണം ചെയ്യണം. സഹകരണ വകുപ്പ് സിപിഐഎമ്മിന്റെ കൈയ്യില്‍ നിന്നും മാറ്റാന്‍ ഘടകകക്ഷികള്‍ തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സതീശനെ കണ്ണൂരില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്നത് എ സി മൊയ്തീനാണ്. പലതവണ പരാതിപ്പെട്ടിട്ടും എ സി മൊയ്തീന്‍ മൗനമാണ് തുടര്‍ന്നത്. അന്യായത്തിന് കൂട്ടുനില്‍ക്കുന്ന നിലപാടാണ് പാര്‍ട്ടിക്കും സര്‍ക്കാരിനുമെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com