'എൽഡിഎഫിൽ കുടുംബാന്തരീക്ഷമാണുള്ളത്'; യുഡിഎഫിലേക്കുള്ള ക്ഷണം തള്ളുന്നുതായി ജോസ് കെ മാണി

ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കണം എന്ന് പൊതു വികാരമുണ്ട്. എൽഡിഎഫിൽ സീറ്റ് ചർച്ച ആരംഭിക്കുന്ന മുറക്ക് ആവശ്യം ഉന്നയിക്കും
'എൽഡിഎഫിൽ കുടുംബാന്തരീക്ഷമാണുള്ളത്'; യുഡിഎഫിലേക്കുള്ള ക്ഷണം തള്ളുന്നുതായി ജോസ് കെ മാണി

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ കൂടുതൽ സീറ്റ് ലഭിക്കാനുള്ള സാഹചര്യമുണ്ടെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കൂടുതൽ സീറ്റ് ചോദിക്കണം എന്ന് പൊതു വികാരമുണ്ട്. എൽഡിഎഫിൽ സീറ്റ് ചർച്ച ആരംഭിക്കുന്ന മുറക്ക് ആവശ്യം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിലേക്ക് കേരളാ കോൺഗ്രസ് തിരിച്ച് പോകില്ലെന്നും അദ്ദേഹം അറിയിച്ചു.

എൽഡിഎഫിൽ കുടുംബാന്തരീക്ഷമാണുള്ളത്. ആരും പുറകിൽ നിന്ന് കുത്തുന്നില്ല. കേരള കോൺഗ്രസ് മുന്നണിക്കുള്ളിൽ നിന്ന് വളരുന്നു. യുഡിഎഫിലേക്കുള്ള ക്ഷണം തള്ളുന്നുതായും ജോസ് കെ മാണി പറഞ്ഞു. കോട്ടയം സീറ്റിന് പുറമെ മറ്റൊരു സീറ്റ് ആവശ്യപ്പെടുമെന്നും ഉന്നതാധികാര സമിതിയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. പുതപ്പള്ളിയിൽ പാർട്ടിയുടെ രാഷ്ട്രീയ വോട്ടുകൾ ചോർന്നിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

കേന്ദ്രത്തിന്റെ വനിതാ സംവരണ ബില്ലും രാജ്യത്തിൻ്റെ പേര് മാറ്റാനുള്ള ശ്രമവും ഉൾപ്പടെയുളള വിഷയങ്ങളിലും അദ്ദേഹം പ്രതികരിച്ചു. വനിതാ സംവരണ ബില്ലിലെ ബിജെപിയുടെ ആത്മാർത്ഥത കാത്തിരുന്നു കാണാം. സെൻസസ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ നടക്കേണ്ടതുണ്ട്. പ്രത്യേക സെഷൻ വിളിച്ചതിന് പിന്നിൽ ഗിമ്മിക്കാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ പേര് മാറ്റാനുള്ള ശ്രമം ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കാനാണെന്നും ജോസ് കെ മാണി ആരോപിച്ചു.

മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് കടലാവകാശ നിയമം നടപ്പാക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. 2006 ലെ വനാവകാശനിയമത്തിൻ്റെ മാതൃകയിലാകണം ഇത് നടപ്പാക്കേണ്ടത്. ഇതിന്റെ ഭാഗമായി തീരദേശ സദസ് സംഘടിപ്പിക്കുകായും അവകാശ പ്രഖ്യാപന സമ്മേളനം നടത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com