സോളാര്‍ വിവാദം അവസാനിപ്പിക്കണമെന്ന് ചിലര്‍ക്ക് ആഗ്രഹമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വിവാദം തിരമാല പോലെയാണ് ഒന്ന് വരും പോകും പിന്നെയും വരുമെന്ന് സോളാറില്‍ തന്റെ പേരുള്‍പ്പെടുത്തിയുള്ള പുതിയ വിവാദങ്ങളെ കുറിച്ച് തിരുവഞ്ചൂര്‍
സോളാര്‍ വിവാദം അവസാനിപ്പിക്കണമെന്ന് ചിലര്‍ക്ക് ആഗ്രഹമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കൊച്ചി: സോളാര്‍ വിവാദം അവസാനിപ്പിക്കണമെന്ന് ചിലര്‍ക്ക് ആഗ്രഹമില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിവാദത്തിന്റെ പിന്നാലെ പോകുന്നവർ ഒരിക്കലും അത് തീർക്കാൻ ആ​ഗ്രഹിക്കില്ല. വിവാദം തിരമാല പോലെയാണ് ഒന്ന് വരും പോകും പിന്നെയും വരുമെന്ന് സോളാറില്‍ തന്റെ പേരുള്‍പ്പെടുത്തിയുള്ള പുതിയ വിവാദങ്ങളെ കുറിച്ച് തിരുവഞ്ചൂര്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ പ്രസ് കോൺഫറൻസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരിനും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ദല്ലാള്‍ നന്ദകുമാര്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിവാദമുള്ളവർക്കൊക്കെ സോളാർ കമ്മിഷന്റെ മുമ്പിൽ പോയി തെളിവ് കൊടുത്തൂടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ശിവരാജൻ കമ്മീഷന്റെ മുന്നില്‍ ദിവസങ്ങളോളം ഇരുന്നിട്ട് ആരും ഒന്നും പറഞ്ഞില്ല. ആ റിപ്പോ‍ർട്ട് അ‍ഞ്ച് വോള്യമായി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. കാബിനറ്റ് അം​ഗീകരിച്ചു. അതിന് ശേഷം നിയമസഭയിൽ വച്ചു. എന്നിട്ട് ഈ നിമിഷം വരെ പറയാതെ, കാൽ നൂറ്റാണ്ടെടുത്തിട്ട് ഇപ്പോള്‍ പറയുമ്പോൾ ആരാണ് അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാതിരിക്കുക എന്നും അദ്ദേഹം ചോദിച്ചു.

ടെനി ജോപ്പൻ പ്രൈവറ്റ് സെക്രട്ടറിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു. സോളാര്‍ കേസിനകത്ത് ടെനി ജോപ്പൻ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പറയേണ്ടത് പൊലീസാണ്. തനിക്ക് കിട്ടിയ വിവരം അനുസരിച്ച് പൊലീസിന്റെ മുന്നിലുള്ള തെളിവുകളില്‍, ടെനി ജോപ്പൻ സോളാര്‍ കേസിലെ 'നായികയെ' വിളിച്ചു. 350 ഓളം മെസേജുകള്‍ അയച്ചു. ക്രിമിനൽ ആക്ടിവിറ്റീസും ഉണ്ടായിട്ടുണ്ട് എന്നും മൊഴിയില്‍ പറയുന്നു. ഇത് പരിശോധിച്ചാൽ മനസിലാകും.

ടെനി ജോപ്പന്റെ അറസറ്റ് ഉമ്മന്‍ ചാണ്ടി അറിഞ്ഞിരുന്നില്ലെന്ന കെ സി ജോസഫിന്റെ ഒളിയമ്പിനെ കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല. കെ സി ജോസഫിന്റെ ഉദ്ദേശ്യശുദ്ധി വേറെ ആയിരുന്നു. അത് തനിക്ക് ബോധ്യപ്പെട്ടതാണ്. അദ്ദേഹം വ്യക്തമാക്കിയതുമാണ്. ആ വിഷയം താന്‍ വിട്ടുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ എന്തിന് ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കണമെന്ന് തിരുവഞ്ചൂര്‍ ചോദിച്ചു. അന്വേഷണ ഉദ്യോ​​ഗസ്ഥനെ ക്യാബിനറ്റ് ആണ് തീരുമാനിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമ്പോൾ താൻ ഇടപെടുന്നത് ശരിയാണോ. താനും ആ ക്യാബിനറ്റിലെ അം​ഗമാണ്, മുഖ്യമന്ത്രി ചെയർമാനാണ്. ആ ക്യാബിനറ്റിന്റെ ഡിസിഷനിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ തീരുമാനിക്കുന്നതെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ പ്രസ് കോൺഫറൻസിൽ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com