ഗുണ്ടാസംഘത്തിലേക്ക് മടങ്ങിയെത്താൻ യുവതിക്ക് ഭീഷണി, പൊലീസ് നടപടിയില്ല; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് സിറ്റി പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു
ഗുണ്ടാസംഘത്തിലേക്ക് മടങ്ങിയെത്താൻ യുവതിക്ക് ഭീഷണി, പൊലീസ് നടപടിയില്ല; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: ലഹരി കടത്ത് സംഘത്തില്‍ നിന്ന് പുറത്തുപോയ സ്ത്രീയെ ഗുണ്ടാസംഘത്തിൽ തിരികെയെത്തണമെന്ന് ആവശ്യപ്പെട്ട് കാപ്പാ കേസിലെ പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് സിറ്റി പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

കാപ്പാ പ്രതിയായ വെബ്ലി സലിം എന്നയാളാണ് യുവതിയെ ഭീഷണിപ്പെടുത്തുന്നതെന്നാണ് പരാതി. നല്ലളം പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയെങ്കിലും പ്രതിക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയതായി യുവതി പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് യുവതി പറയുന്നത്.

യുവതിയുടെ സുഹൃത്തിനെ നഗ്നനാക്കി വീഡിയോ പകർത്തി കാപ്പാ പ്രതി യുവതിക്ക് അയച്ചുകൊടുത്തതായും പരാതിയിലുണ്ട്. താൻ നിരപരാധിയാണെന്നും ലഹരി കടത്ത് സംഘത്തിൽ അകപ്പെടുത്തിയതാണെന്നും യുവതി പറഞ്ഞു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 29 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com