സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ നടപടി;വിവാദ ഉത്തരവിറക്കി യോഗി

വസ്തുതകള്‍ വളച്ചൊടിക്കുകയോ തെറ്റായി അവതരിപ്പിക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് വിശദീകരണം തേടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു
സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ നടപടി;വിവാദ ഉത്തരവിറക്കി യോഗി

ലഖ്‌നൗ: സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളില്‍ നിന്നും വിശദീകരണം തേടാനൊരുങ്ങി ഉത്തര്‍പ്രദേശ്. മാധ്യമ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന നെഗറ്റീവ് വാര്‍ത്തകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എല്ലാ ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും നിര്‍ദേശം നല്‍കി.

വസ്തുതകള്‍ വളച്ചൊടിക്കുകയോ തെറ്റായി അവതരിപ്പിക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് വിശദീകരണം തേടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഓഗസ്റ്റ് 16 ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സജ്ഞയ് പ്രസാദ് പുറത്തിറക്കിയ ഉത്തരവിലാണ് നിര്‍ദേശം.

'സംസ്ഥാന സര്‍ക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ പ്രതിച്ഛായ മോശമാക്കാന്‍ വസ്തുതകള്‍ വളച്ചൊടിക്കുകയോ തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ നെഗറ്റീവ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ ചെയ്തതായി സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍, ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റ് മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും വിശദീകരണം തേടും.' ഉത്തരവില്‍ പറയുന്നു.

നെഗറ്റീവ് ന്യൂസ് റിപ്പോര്‍ട്ടുകള്‍ ഇന്റഗ്രേറ്റഡ് ഗ്രീവന്‍സ് റിഡ്രസല്‍ സിസ്റ്റം (ഐജിആര്‍എസ്) പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും അതത് ഡിവിഷണല്‍ കമ്മീഷണര്‍മാര്‍, ജില്ലാ മജിസ്ട്രേറ്റുകള്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ക്ക് നടപടിക്കായി കൈമാറുകയും ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു. ശേഷം ജേര്‍ണലിസ്റ്റിനെതിരെ നടപടിയെടുക്കാനുള്ള സാധ്യതയെക്കുറിച്ചും ഉത്തരവില്‍ പരാമർശമുണ്ട്. സമീപ കാലങ്ങളില്‍ ഇത് ആദ്യമായാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കുന്നത്.

വിചിത്ര ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി അദ്ധ്യക്ഷനുമായ അഖിലേഷ് യാദനവ് രംഗത്തെത്തി. ജനാധിപത്യത്തെ കൊല്ലാനുള്ള ഗൂഢാലോചനയാണിതെന്ന് അഖിലേഷ് അഭിപ്രായപ്പെട്ടു. ഇന്ന് അവര്‍ മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടുകയാണ്. നാളെ ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരേയും നടക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ഉത്തര്‍പ്രദേശ് ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് ഹസീബ് സിദ്ദിഖിയും ഉത്തരവിനെതിരെ രംഗത്തെത്തി. വാര്‍ത്തകള്‍ നെഗറ്റീവാണോ പൊസിറ്റീവാണോയെന്ന് ആരാണ് തീരുമാനിക്കുന്നതെന്ന് ഹസീബ് ചോദിച്ചു. ഉത്തരവ് സര്‍ക്കാരിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com