എൻഎസ്എസിന്റെ നാമജപഘോഷയാത്ര കേസ്; നിയമ സാധുത പരിശോധിക്കുന്നു,സർക്കാർ നീക്കം പുതുപ്പള്ളി ലക്ഷ്യംവച്ച്

നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുമ്പ് എൻ എസ് എസിന്റെ നീരസം മാറ്റാനുള്ള സർക്കാർ നീക്കമാണ് ഈ നടപടിക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.
എൻഎസ്എസിന്റെ നാമജപഘോഷയാത്ര കേസ്; നിയമ സാധുത പരിശോധിക്കുന്നു,സർക്കാർ നീക്കം പുതുപ്പള്ളി  ലക്ഷ്യംവച്ച്

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ ​മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് സംഘടിപ്പിച്ച നാമജപഘോഷയാത്രയ്ക്കെതിരെ കേസെടുത്ത നടപടി പൊലീസ് പുനഃപരിശോധിക്കുന്നു. സർക്കാർ നിർദേശത്തെ തുടർന്നാണ് തീരുമാനം. നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുമ്പ് എൻ എസ് എസിന്റെ നീരസം മാറ്റാനുള്ള സർക്കാർ നീക്കമാണ് ഈ നടപടിക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.

നാമജപഘോഷയാത്രക്കെതിരെ നിലവിലുള്ള വകുപ്പുകൾ‌ നിലനിൽക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. തുടർനടപടി അവസാനിപ്പിക്കുന്നതായി കോടതിയിൽ റിപ്പോർട്ട് നൽകുന്നതും ആലോചനയിലുണ്ട്. ഘോഷയാത്രയിൽ അക്രമം ഉണ്ടായിട്ടില്ലായെന്നു ചൂണ്ടിക്കാണിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് വിവരം.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എൻഎസ്എസിനെ ഒപ്പം നിർത്താനാണ് ഇടതുസർക്കാരിന്റെ നീക്കം. എന്നാൽ, മിത്ത് വിവാദവുമായി ബന്ധപ്പെട്ട് ഉണ്ടായ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് നാമജപഘോഷയാത്രക്കെതിരെ എടുത്ത കേസ് പുനഃപരിശോധിക്കാനുള്ള നീക്കം. പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം ചങ്ങനാശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കണ്ടിരുന്നു. മന്ത്രി വി എൻ വാസവനൊപ്പമെത്തിയാണ് ജെയ്ക് സുകുമാരൻ നായരെ കണ്ടത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക്ക് പിന്തുണ തേടി. എന്നാൽ സമദൂരമാണ് എൻഎസ്എസ് നിലപാടെന്ന് സുകുമാരൻ നായർ അറിയിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com