'ഗണപതിയെ തൊട്ടു കൈയ്യും മുഖവും പൊളളി, ഗോവിന്ദൻ പ്ലേറ്റ് മാറ്റി'; എൻഎസ്എസ് വിഷയത്തിൽ കെ മുരളീധരൻ

'എൻഎസ്എസിനെ കുറിച്ച് പറയുന്ന നല്ല വാക്കുകൾ സെപ്റ്റംബർ അഞ്ച് കഴിഞ്ഞാലും ഉണ്ടാകണം'
'ഗണപതിയെ തൊട്ടു കൈയ്യും മുഖവും പൊളളി, ഗോവിന്ദൻ പ്ലേറ്റ് മാറ്റി'; എൻഎസ്എസ് വിഷയത്തിൽ കെ മുരളീധരൻ

തിരുവനന്തപുരം: എൻഎസ്എസിനെതിരായ നാമജപ കേസ് പിൻവലിക്കുന്നതിനെ സ്വാഗതം ചെയ്ത് കെ മുരളീധരൻ എംപി. സിപിഐഎം അയ്യപ്പനെ തൊട്ടപ്പോൾ കൈപൊള്ളി. ഗണപതിയെ തൊട്ടപ്പോൾ കയ്യും മുഖവും പൊള്ളിയെന്നും കെ മുരളീധരൻ വിമർശിച്ചു. മതസൗഹാർദം സൂക്ഷിക്കുന്ന എൻഎസ്എസ് വർഗീയ സംഘടനയെന്ന് പറഞ്ഞത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ കെ ബാലനുമാണ്. ഇപ്പോൾ എം വി ഗോവിന്ദൻ പ്ലേറ്റ് മാറ്റുകയാണ്. എൻഎസ്എസിനെ കുറിച്ച് പറയുന്ന നല്ല വാക്കുകൾ സെപ്റ്റംബർ അഞ്ച് കഴിഞ്ഞാലും ഉണ്ടാകണമെന്നും കെ മുരളീധരൻ പരിഹസിച്ചു.

എൻഎസ്എസിനെ കോൺഗ്രസ് അനുകൂലിച്ചപ്പോൾ വർഗീയത പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു സിപിഐഎം പറഞ്ഞിരുന്നത്. എൻഎസ്എസിന്റെ ഒരു ചടങ്ങിലും ഇതുവരെ ബിജെപിയെ ക്ഷണിച്ചിട്ടില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.

മാത്യു കുഴൽനാടനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തെ അദ്ദേഹം തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല. പാർട്ടി കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയുടെ സമരത്തിലും കെ മുരളീധരൻ എംപി പ്രതികരിച്ചു. മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയ നടത്തിയാൽ കുട്ടി പുറത്തും കത്രിക അകത്തും ആകുന്ന അവസ്ഥയാണ്. കത്രിക പറന്ന് വന്ന് വയറ്റിൽ കയറിതാണോ. ആരോഗ്യ വകുപ്പ് തെറ്റ് അംഗീകരിക്കുന്നില്ല. മനുഷ്യത്വം കാണിക്കണം. അബദ്ധം കാണിച്ച ഡോക്ടർക്കെതിരെ നടപടി വേണം. സർക്കാർ ഹർഷിനയോട് മാന്യത കാണിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന സാംസ്കാരിക നായകരും ബുദ്ധിജീവികളും സ്ഥിരം ലീവ് എടുത്ത് പോയിരിക്കുകയാണോ എന്ന് സംശയമുണ്ടെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. പിണറായി വിജയന്‍ വ‍രുമ്പോൾ ലീവ് എടുക്കുന്ന സാംസ്കാരിക നായകർ പറയുന്നെങ്കിൽ ഇപ്പോൾ പറയണം. യുഡിഎഫ് ഭരിക്കുമ്പോൾ പറഞ്ഞാൽ പുല്ല് വില പോലും കൽപ്പിക്കില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com