'മാത്യു കുഴൽനാടന് കോൺഗ്രസിന്റെ പിന്തുണ'; നിശബ്ദമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കെ സുധാകരൻ

'കുഴൽനാടന്റെ വായ മൂടി കെട്ടാനാണ് ശ്രമിക്കുന്നത്'
'മാത്യു കുഴൽനാടന് കോൺഗ്രസിന്റെ പിന്തുണ'; നിശബ്ദമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കെ സുധാകരൻ

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടന് പിന്തുണ പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റെ് കെ സുധാകരൻ. ശബ്ദിക്കുന്നവരെ നിശബ്ദമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സുധാകരൻ പറഞ്ഞു. കുഴൽനാടന്റെ വായ മൂടി കെട്ടാനാണ് ശ്രമിക്കുന്നത്. ആരോപണങ്ങളിൽ അന്വേഷണം നടക്കട്ടെ. കുഴൽനാടന് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണ നൽകും. പിന്തുണയുമായി കുഴൽ നാടന്റെ പിന്നിൽ കോൺഗ്രസ് ഉണ്ടാകുമെന്നും കെ സുധാകരൻ പറ‍ഞ്ഞു.

സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടുന്ന എല്ലാവരെയും വേട്ടയാടുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങളെ താൻ ഭയപ്പെടുന്നില്ല. വേട്ടയാടിയാലും മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. വിജിലൻസ് കേസുകൊണ്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ട. പൊതു സമൂഹത്തിന്റെ പിന്തുണ തനിക്കുണ്ട്. പിണറായിയുടെ കയ്യിലും അദ്ദേഹത്തിൻറെ സുഹൃത്തായ മോദിയുടെ കയ്യിലുമാണ് രാജ്യത്തെ മുഴുവൻ അന്വേഷണം ഏജൻസികളും. ഏത് അന്വേഷണവും നടന്നോട്ടെ. താന്‍ ഭയപ്പെടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹർഷിന സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന ആരോപണത്തിലാണ് കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നത്. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ് നീക്കം. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനൻ നൽകിയ പരാതിയിൽ അന്വേഷണം നടത്താനാണ് ശ്രമം. ദിവസങ്ങൾക്കുള്ളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും. വക്കീൽ ഓഫീസ് വഴി മാത്യു കുഴൽനാടൻ കള്ളപ്പണം വെളുപ്പിച്ചു എന്ന പരാതിയും വിജിലൻസിന് മുന്നിലുണ്ട്. കുഴൽനാടനെതിരെ വേറെയും ആക്ഷേപം ഉയർന്നിട്ടുണ്ട്. ചിന്നക്കനാലിൽ കെട്ടിടത്തിന് അനുമതി നേടിയെടുത്തതിലും ക്രമക്കേട് നടന്നുവെന്നാണ് പുതിയ ആക്ഷേപം. നിലവിൽ കെട്ടിടം ഉള്ളത് മറച്ചുവെച്ച് പുതിയ കെട്ടിടം പണിയാൻ അനുമതിക്ക് അപേക്ഷ നൽകിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

മാത്യു കുഴൽനാടൻ ചിന്നക്കനാലിലെ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയത് നികുതി വെട്ടിച്ചാണ്. 2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് വില കാണിച്ചത്. പിറ്റേ ദിവസം നല്‍കിയ തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും കുഴനാടൻ വെട്ടിച്ചുവെന്നാണ് ആരോപണം. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്. സര്‍ക്കാരിനും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയില്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ പരാതി കൊടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരെ ആക്ഷേപം ഉന്നയിച്ചതുകൊണ്ടല്ല ഇപ്പോള്‍ ഈ വിഷയം ഉന്നയിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിനെ ഒഴികെ എല്ലാവര്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആളാണ് മാത്യു കുഴല്‍നാടന്‍. അതുകൊണ്ട് പുതിയ ആക്ഷേപത്തിനുള്ള മറുപടിയല്ല പരാതിയെന്നും സി എന്‍ മോഹനന്‍ പറഞ്ഞിരുന്നു.

Story Highlights: Congress support for Mathew Kuzhalnadan, says K Sudhakaran

Related Stories

No stories found.
logo
Reporter Live
www.reporterlive.com