'സ്വാതന്ത്ര്യം തുല്ല്യാവകാശം, അത് ഏതെങ്കിലും വിഭാഗത്തിനായി ചുരുക്കാന്‍ പാടില്ല'; മുഖ്യമന്ത്രി

'സ്വാതന്ത്ര്യം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി ചുരുക്കപ്പെടാന്‍ പാടില്ല'
'സ്വാതന്ത്ര്യം തുല്ല്യാവകാശം, അത് ഏതെങ്കിലും വിഭാഗത്തിനായി ചുരുക്കാന്‍ പാടില്ല'; മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നേരിട്ട കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ മതനിരപേക്ഷതയും ശാസ്ത്ര ചിന്തയും അതിന് സഹായിച്ചിട്ടുണ്ട്. മുന്നോട്ടുളള നീക്കങ്ങളില്‍ അവയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അവയെ പിറകോട്ടടിപ്പിക്കാനുളള പല നീക്കങ്ങളും ഇന്ന് നടക്കുന്നുണ്ട്. അത്തരം ശ്രമങ്ങളെ മുളയിലെ നുളളിക്കളയണം. എന്നാല്‍ മാത്രമേ സ്വാതന്ത്ര്യം അര്‍ത്ഥ പൂര്‍ണമാവുകയുളളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഇന്ത്യ ഏഴര ദശാബ്ദത്തിലധികമായി സ്വതന്ത്ര രാജ്യമായി നിലനില്‍ക്കുക എന്ന് പറയുന്നത് ഏതൊരു ഇന്ത്യക്കാരനെ സംബന്ധിച്ചും അഭിമാനകരമാണ്. ആയുര്‍ദൈര്‍ഘ്യത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും വരുമാനത്തിന്റേയും കാര്യത്തില്‍ വലിയ പുരോഗതി രാജ്യം കൈവരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ സൈനിക സാമ്പത്തിക ശക്തികളുടെ ഒപ്പം ഇന്ന് ഇന്ത്യയുണ്ട്. ആഗോള തലത്തിലെ വലിയ ടൂറിസം കേന്ദ്രമാണ് ഇന്ത്യ. ബഹിരാകാശത്തും ചന്ദ്രനിലുമൊക്കെ നമ്മുടെ സാങ്കേതികത്വം എത്തിയിരിക്കുന്നു. നമ്മോടൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ വലിയ പ്രതിസന്ധി നേരിടുമ്പോഴും നമ്മള്‍ പിടിച്ചുനിന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ നമുക്ക് അഭിമാനിക്കാം. സാമ്പത്തിക സാമൂഹിക ശാസ്ത്ര മേഖലകളില്‍ നാം ഇനിയുമേറെ മുന്നേറാനുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഈ തിരിച്ചറിവാകട്ടെ മുന്നോട്ടുളള പ്രയാണത്തില്‍ വലിയ ഊര്‍ജം. ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങളുടെ പങ്കാളിത്തമാണ് സാമ്രാജ്യത്വ വിരുദ്ധ ദേശീയ പ്രസ്ഥാനത്തെ സവിശേഷമാക്കിയത്. അതിന്റെ ഫലമായി ഉയര്‍ന്നു വന്നതാണ് നാനത്വത്തില്‍ ഏകത്വം. അത് നമ്മുടെ സവിശേഷതയാണ്. നാനാവിഭാഗത്തിലുളളവര്‍ ഉള്‍പ്പെട്ടതാണ് സ്വാതന്ത്ര്യ സമരം. സ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ്. സ്വാതന്ത്ര്യം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി ചുരുക്കപ്പെടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'എല്ലാ പ്രശ്‌നങ്ങളേയും തുല്യമായി പരിഗണിച്ച്, സമൂഹത്തെയാകെ ബാധിക്കുന്ന പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി നിന്ന് പരിഹരിച്ചാണ് കേരളം പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയാകുന്നത്. നമ്മുടെ മതനിരപേക്ഷതയും ശാസ്ത്ര ചിന്തയും അതിന് സഹായിച്ചിട്ടുണ്ട്. മുന്നോട്ടുളള നീക്കങ്ങളില്‍ അവയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അവയെ പിറകോട്ട് അടിപ്പിക്കാനുളള പല നീക്കങ്ങളും നടക്കുന്നുണ്ട്. അത്തരം ശ്രമങ്ങളെ മുളയിലെ നുളളിക്കളയണം. എന്നാല്‍ മാത്രമേ സ്വാതന്ത്ര്യം അര്‍ത്ഥ പൂര്‍ണമാവുകയുളളു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമാവുമ്പോഴേക്കും ലോകോത്തര നിലവാരമുളള വികസിത മധ്യവരുമാന സമൂഹമാക്കി കേരളത്തെ പരിവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്,' മുഖ്യമന്ത്രി പറഞ്ഞു

സർക്കാരിന്റെ നേട്ടങ്ങളെല്ലാം എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്യമാക്കും. 2016ല്‍ കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം 1. 48 ലക്ഷം രൂപയായിരുന്നു. ഇന്ന് അത് 2. 28 ലക്ഷം രൂപയായി ഉയര്‍ന്നിരിക്കുന്നു. 54 ശതമാനത്തിലധികം വര്‍ധനവാണ് ഉണ്ടായത്. കേരളത്തിന്റെ കടത്തെ ജിഎസ്ഡിപിയുടെ 39 ശതമാനത്തില്‍ നിന്നും 35 ശതമാനത്തില്‍ താഴെ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയുടേയും അടിസ്ഥാന വികസനത്തിന്റേയും ഫലം ഉണ്ടായികൊണ്ടിരിക്കുകയാണ്. വ്യവസായ സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് സംരഭക വര്‍ഷം എന്ന പദ്ധതി നടപ്പാക്കിയത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരഭങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആദ്യത്തെ എട്ടു മാസം കൊണ്ടു തന്നെ ലക്ഷ്യത്തെ മറികടക്കാനായി.1,40,000 സംരഭങ്ങളാണ് ആരംഭിച്ചിട്ടുളളത്. അവയിലൂടെ മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ഐടി മേഖലയും കുതിക്കുകയാണ്. 80540 കോടി രൂപയുടെ ഐടി കയറ്റുമതിയാണ് കേരളത്തിലുണ്ടായത്. 62000 തൊഴിലവസരങ്ങളും ഐടി മേഖലയില്‍ സൃഷ്ടിച്ചു. അഞ്ച് വര്‍ഷം കൊണ്ട് കിഫ്ബി മുഖേന 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനാണ് 2016ല്‍ ശ്രമിച്ചത്. 2021 ഓടെ അറുപത്തിയയ്യായിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നമുക്ക് ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഇടപെടല്‍ നടത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നാല് ലക്ഷം വീടുകള്‍, മൂന്ന് ലക്ഷത്തോളം പട്ടയങ്ങള്‍, പാവപ്പെട്ടവര്‍ക്ക് അനുവദിച്ച മൂന്നര ലക്ഷത്തോളം മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ തുടങ്ങിയവയെല്ലാം അതിന്റെ ദൃഷ്ടാന്തങ്ങളാണ്. അതിദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യാനുളള പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്. 2025 ഓടെ കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം തുടച്ചുനീക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

'നവകേരളനിര്‍മ്മിതിക്കാണ് നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടത്. നമ്മുടെ സ്വാതന്ത്ര്യത്തേയും ഐക്യത്തേയും ജനാധിപത്യത്തേയും മതനിരപേക്ഷതയേയും ശാസ്ത്രചിന്തയേയുമൊക്കെ ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് ഈ 77-ാം സ്വാതന്ത്ര്യദിനാഘോഷത്തെ അര്‍ത്ഥവത്താക്കാം'; മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേർന്നു കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com