നെഹ്റു ട്രോഫിയിൽ മുത്തമിട്ടത് ആറ് തവണ, ഇത് തുടർച്ചയായ നാലാം തവണ; ആവേശതിമിർപ്പിൽ പള്ളാത്തുരുത്തി

1988ലായിരുന്നു പള്ളാത്തുരുത്തി ആദ്യ നെഹ്റു ട്രോഫി നേടുന്നത്
നെഹ്റു ട്രോഫിയിൽ മുത്തമിട്ടത് ആറ് തവണ, ഇത് തുടർച്ചയായ നാലാം തവണ; ആവേശതിമിർപ്പിൽ പള്ളാത്തുരുത്തി

ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിംപിക്സിന് കൊടിയിറങ്ങിയപ്പോൾ ജലരാജാക്കന്മാരായത് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ. തുടർച്ചയായ നാലാം കിരീടമാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് നേടുന്നത്. ഇതുവരെ ആറു തവണ പള്ളാത്തുരുത്തി നെഹ്റു ട്രോഫിയിൽ മുത്തമിട്ടിട്ടുണ്ട്.

1988ലായിരുന്നു പള്ളാത്തുരുത്തി ആദ്യ നെഹ്റു ട്രോഫി നേടുന്നത്. വെള്ളംകുളങ്ങര ചുണ്ടനിലായിരുന്നു അന്ന് തുഴയെറിഞ്ഞത്. പിന്നീട് പത്ത് വർഷത്തിന് ശേഷം 1998ൽ ചമ്പക്കുളം ചുണ്ടനിലൂടെ കിരീടം തിരിച്ചുപിടിച്ചു. ശേഷം 20 വർഷങ്ങൾ കഴിഞ്ഞാണ് പള്ളാത്തുരുത്തി വീണ്ടുമൊരു കിരീടം നേടുന്നത്. പായിപ്പാട് ചുണ്ടനിലായിരുന്നു കിരീടനേട്ടം. പിന്നീടങ്ങോട്ട് പള്ളാത്തുരുത്തിയുടെ തേരോട്ടമായിരുന്നു നെഹ്റു ട്രോഫി കണ്ടത്. 2019ൽ നടുഭാ​ഗം ചുണ്ടനിലും 2022ൽ കാട്ടിൽ‌ തെക്കെതിലിലും പള്ളാതുരുത്തി ജലരാജാവായി. അലനും എയ്ഡൻ കോശിയുമായിരുന്നു 2023ൽ കിരീടം നേടിയ ടീമിലെ ക്യാപ്റ്റൻമാർ.

അതേസമയം നെഹ്റു ട്രോഫി വള്ളം കളിയിൽ ഏറ്റവും കൂടുതൽ തവണ ജേതാവായ കാരിച്ചാൽ ചുണ്ടൻ ഫൈനൽ കാണാതെ പുറത്തായി. ഇത്തവണ വിബിസി കൈനകരിയാണ് കാരിച്ചാലിനായി തുഴയെറിഞ്ഞത്. കഴിഞ്ഞ കാലങ്ങളിലെ പരിചയ സമ്പന്നത കൈമുതലാക്കിയ യുവനിരയുടെ കരുത്തിൽ കൈനകരിയുടെ കാരിച്ചാൽ പുന്നമടക്കായ‌ലിൽ മികച്ച പോരാട്ടം കാഴ്ച വെക്കാമെന്നതായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അഞ്ചാം ഹീറ്റ്സിൽ ആലപ്പാടൻ ചുണ്ടനും നിരണം ചുണ്ടനുമൊപ്പം മത്സരിച്ച കാരിച്ചാലിന് ഫൈനൽ കാണാനായില്ല.

69-ാമത് നെഹ്റു ട്രോഫിയിൽ പുന്നമടക്കായലിനെ ആവേശത്തിമിര്‍പ്പിലാക്കി നടന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലിൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാമതെത്തി. യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. കേരള പൊലീസ് ക്ലബ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ ചുണ്ടന്‍ നാലാമതെത്തി.

Story Highlights: Pallathuruthy Boat Club wins fourth consecutive title. Pallathuruthy has won the Nehru Trophy six times

Related Stories

No stories found.
logo
Reporter Live
www.reporterlive.com