ഓണക്കാലത്ത് ജിഎസ്ടി വെട്ടിപ്പ് തടയാന്‍ രഹസ്യനിരീക്ഷണം; നിര്‍ദേശം നല്‍കി

ഈ ഉത്സവകാലത്ത് ലഭിക്കേണ്ട നികുതി വരുമാനം ചോരുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് പരിശോധന.
ഓണക്കാലത്ത് ജിഎസ്ടി വെട്ടിപ്പ് തടയാന്‍ രഹസ്യനിരീക്ഷണം; നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്ന ഓണക്കാലത്ത് ജിഎസ്ടി വെട്ടിപ്പ് തടയാന്‍ കര്‍ശന പരിശോധനകള്‍ നടക്കും. പരിശോധന നടത്താന്‍ ജിഎസ്ടി വകുപ്പിലെ എല്ലാ ജോയന്റ് കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ ഉത്സവകാലത്ത് ലഭിക്കേണ്ട നികുതി വരുമാനം ചോരുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് പരിശോധന. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചരക്കുകളെ കുറിച്ച് കൃത്യമായ വിവരശേഖരണം നടത്താനും തീരുമാനമെടുത്തിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിലെ ജിഎസ്ടി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് കൂടുതല്‍ ചരക്കുകള്‍ അയക്കുന്ന വ്യാപാരികളുടെ വിവരം ശേഖരിക്കും. അതിര്‍ത്തികളില്‍ വാഹനപരിശോധന കര്‍ശനമാക്കും. കടകളില്‍ ബില്ല് നല്‍കുന്നുണ്ടോയെന്നറിയാന്‍ രഹസ്യനിരീക്ഷണം നടത്തും. ബില്ല് നല്‍കാത്ത സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി.

ഹോട്ടലുകളില്‍ ഈടാക്കുന്ന ജിഎസ്ടി സര്‍ക്കാരിലേക്ക് അടയ്ക്കുന്നുണ്ടോയെന്നും പരിശോധിക്കും. ചരക്കുനീക്കത്തിന് ഇ-ഇന്‍വോയ്‌സിങ് നടത്തേണ്ട വ്യാപാരികള്‍ അത് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം. നികുതിവെട്ടിപ്പിന് സാധ്യതകൂടിയ മേഖലകളില്‍ റിട്ടേണുകള്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പരിശോധിച്ച് പ്രത്യേക അന്വേഷണം നടത്താനും നിര്‍ദേശിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com