'മിത്ത് വിവാദം തന്നെ ചര്‍ച്ച ചെയ്യും'; എന്‍എസ്എസ് ബോര്‍ഡ് മീറ്റിംഗ് ഇന്ന്

എം വി ഗോവിന്ദന്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എന്‍എസ്എസ്
'മിത്ത് വിവാദം തന്നെ ചര്‍ച്ച ചെയ്യും'; എന്‍എസ്എസ് ബോര്‍ഡ് മീറ്റിംഗ് ഇന്ന്

ആലപ്പുഴ: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തിന് പിന്നാലെ ഉടലെടുത്ത മിത്ത് വിവാദം തന്നെയായിരിക്കും ഇന്നത്തെ എന്‍എസ്എസ് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കുന്നതിന് വേണ്ടി പെരുന്നയിലാണ് യോഗം ചേരുന്നത്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷിയുമായ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എന്‍എസ്എസ്. പ്രതിനിധി സഭ പിന്നീട് ചേരും. കരയോഗം മുതല്‍ സംസ്ഥാന നേതൃത്വത്തെ വരെ രംഗത്തിറക്കി പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനാണ് എന്‍എസ്എസ് നീക്കം.

എന്‍എസ്എസ് വിശ്വാസ സംരക്ഷണം പ്രധാന അജണ്ടയായി ഏറ്റെടുക്കാന്‍ തുടങ്ങിയത് ശബരിമല മുതലാണ്. എന്‍എസ്എസ് വിശ്വാസ സംരക്ഷണത്തിലേക്ക് മാത്രം ചുരുങ്ങുന്നുവെന്ന വിമര്‍ശനം സമുദായത്തിനുള്ളില്‍ തന്നെയുണ്ട്. എന്നാല്‍ നിലവില്‍ ഷംസീര്‍ തിരുത്തിയാല്‍ മാത്രം പോരാ, സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്നുമാണ് എന്‍എസ്എസിന്റെ ആവശ്യം. മിത്ത് വിവാദത്തിലെ സര്‍ക്കാര്‍ നിലപാട് അറിയണമെന്നാണ് എന്‍എസ്എസ് ആവശ്യപ്പെടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com