ചലച്ചിത്ര പുരസ്കാര വിവാദം; ഫോണ്‍ സംഭാഷണത്തോട് പ്രതികരിക്കാതെ മന്ത്രി സജി ചെറിയാന്‍

കാര്യങ്ങൾ വ്യക്തമായി പറഞ്ഞതാണെന്ന് മാത്രം മറുപടി നൽകി മന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു
ചലച്ചിത്ര പുരസ്കാര വിവാദം; ഫോണ്‍ സംഭാഷണത്തോട് പ്രതികരിക്കാതെ മന്ത്രി സജി ചെറിയാന്‍

തിരുവന്തപുരം: അവാർഡ് വിവാദത്തിൽ റിപ്പോർട്ടർ പുറത്തുവിട്ട നേമം പുഷ്പരാജിന്റെ ഫോൺ സംഭഷണത്തോട് പ്രതികരിക്കാതെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അക്കാദമി ചെയർമാൻ രഞ്ജിത്ത് സംസാരിച്ച കാര്യങ്ങൾ നേമം പുഷ്പരാജ് സംവിധായകൻ വിനയനോട് പറയുന്ന ഫോൺ സംഭാഷണമാണ് റിപ്പോർട്ടർ പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാതെ, കാര്യങ്ങൾ വ്യക്തമായി പറഞ്ഞതാണെന്ന് മാത്രം മറുപടി നൽകി മന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു.

'പത്തൊമ്പതാം നൂറ്റാണ്ട്' ചവറ് സിനിമയാണെന്നും പുരസ്കാര നിർ‌ണയത്തിൽ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത്ത് പറഞ്ഞതായാണ് നേമം പുഷ്പരാജ് ഫോൺ സംഭാഷണത്തിൽ വിനയനോട് പറഞ്ഞത്. രഞ്ജിത്ത് അനാവശ്യമായി ഇടപെട്ടു. രഞ്ജിത്ത് ഇരിക്കുമ്പോൾ അവാർഡ് നിർണയത്തിൽ ആർക്കും നീതി കിട്ടില്ല എന്നും നേമം പുഷ്പരാജ് പറഞ്ഞിരുന്നു.

ചലച്ചിത്ര പുരസ്കാര നിർണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കിൽ സംവിധായകൻ വിനയന് നിയമപരമായി സമീപിക്കാമെന്നാണ് മന്ത്രി സജി ചെറിയാൻ നേരത്തെ പറഞ്ഞിരുന്നത്. വിനയന്റെ പക്കലുള്ള തെളിവ് ബന്ധപ്പെട്ടവരുടെ അടുത്ത് സമർപ്പിക്കട്ടെ എന്നും മന്ത്രി പറഞ്ഞിരുന്നു.

വിനയൻ മികച്ച സംവിധായകൻ തന്നെ എന്ന് അഭിപ്രായപ്പെട്ട മന്ത്രി, കൊടുത്ത അവാർഡുകളെല്ലാം നൂറുശതമാനം അർഹതപ്പെട്ടതാണെന്നും വിനയന്റെ സിനിമയ്ക്ക് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ശ്രമിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com