റിപ്പോർട്ടർ ഇംപാക്ട്; റെയിൽവെ കെട്ടിടങ്ങളിലെ ബ്ലാക്ക്സ്പോട്ടുകളിൽ പരിശോധന നടത്തും

റെയിൽവെയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ ബ്ലാക്ക്സ്പോട്ടുകൾ റിപ്പോർട്ടർ ടിവി തുറന്ന് കാട്ടിയിരുന്നു
റിപ്പോർട്ടർ ഇംപാക്ട്; റെയിൽവെ കെട്ടിടങ്ങളിലെ ബ്ലാക്ക്സ്പോട്ടുകളിൽ പരിശോധന നടത്തും

പാലക്കാട്: റെയിൽവെക്ക് കീഴിലുള്ള സ്ഥലങ്ങളിലെ ബ്ലാക്ക്സ്പോട്ടുകളിൽ പരിശോധന കർശനമാക്കും. ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കുമെന്നും റെയിൽവെ പാലക്കാട് ഡിവിഷനൽ മാനേജർ അറിയിച്ചു. റെയിൽവെയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ ബ്ലാക്ക്സ്പോട്ടുകൾ റിപ്പോർട്ടർ ടിവി തുറന്ന് കാട്ടിയിരുന്നു. ഈ ബ്ലാക്സ്പോട്ടുകൾ സാമൂഹികവിരുദ്ധരുടെ കേന്ദ്രങ്ങളായി മാറിയ കാര്യവും റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജറുടെ ഇടപെടൽ. മിന്നൽ പരിശോധനകളടക്കം നടത്തുകയും നിയമവിരുദ്ധമായ പ്രവർത്തങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവെ അറിയിച്ചു.

മുന്‍പ് കോഴിക്കോടും എറണാകുളത്തും ബ്ലാക്സ്പോട്ടുകള്‍ ഉണ്ടെന്ന റിപ്പോർട്ടർ ടിവി വാർത്തയെത്തുടർന്ന് അധികൃതർ ഇടപെടലുകൾ നടത്തിയിരുന്നു. കോഴിക്കോട് ബീച്ചിൽ വെളിച്ചമില്ലാത്ത ഇടത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പറ‍ഞ്ഞിരുന്നു. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന നടത്തുമെന്ന് പൊലീസും വ്യക്തമാക്കി. മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളാണ് എംഎൽഎ അനുവദിച്ചത്. ആവശ്യമെങ്കിൽ കൂടുതൽ ലൈറ്റുകൾ ഇനിയും അനുവദിക്കും. സാമൂഹ്യവിരുദ്ധരുടെ ശല്യം ഒഴിവാക്കാൻ ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് എംഎൽഎ പറഞ്ഞു. ആലുവ സംഭവം ആവർത്തിക്കരുതെന്നും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിയമപരമായ പ്രശ്നങ്ങളുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ബ്ലാക് സ്പോട്ടുകൾ കണ്ടെത്താൻ റിപ്പോർട്ടർ ടിവി നടത്തുന്ന ഇടപെടലുകളെ എംഎൽഎ അഭിനന്ദിച്ചു.

എറണാകുളം ജില്ലയിലെ ബ്ലാക് സ്പോട്ടുകളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞിരുന്നു. ബ്ലാക് സ്പോട്ടുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സംസാരിച്ച് ഇക്കാര്യം ഉടൻ തീരുമാനിക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടർ ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവ്വതിയോടായിരുന്നു കളക്ടറുടെ പ്രതികരണം. ആലുവ മാ‍ർക്കറ്റിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ റിപ്പോർട്ടർ നടത്തിയ അന്വേഷണത്തിൽ മാർക്കറ്റ് ഉൾപ്പടെ നിരവധി സ്ഥലങ്ങൾ സാമൂഹിക വിരുദ്ധരുടെ കേന്ദ്രങ്ങളായി മാറിയെന്ന് കണ്ടെത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com