എം ശിവശങ്കര്‍ ജയില്‍ മോചിതനായി

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് രണ്ട് മാസത്തേക്ക് ശിവശങ്കര്‍ ജാമ്യം നേടിയത്
എം ശിവശങ്കര്‍ ജയില്‍ മോചിതനായി

കൊച്ചി: സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയ എം ശിവശങ്കര്‍ ജയില്‍ മോചിതനായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ശേഷമാണ് കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് ശിവശങ്കര്‍ പുറത്തിറങ്ങിയത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് രണ്ട് മാസത്തേക്ക് ശിവശങ്കര്‍ ജാമ്യം നേടിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന്‍ കോഴക്കേസില്‍ പ്രതിയായ എം ശിവശങ്കര്‍ അഞ്ച് മാസത്തിലധികമായി ജയിലിലായിരുന്നു. ചികിത്സ തേടുന്ന ആശുപത്രി പരിസരം വിട്ട് പോകരുതെന്നാണ് സുപ്രീംകോടതിയുടെ ജാമ്യവ്യവസ്ഥ. ലൈഫ് മിഷൻ കേസിൽ ഒന്നാം പ്രതിയാണ് ശിവശങ്കർ. ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കഴിഞ്ഞ മാസം അവസാനം കൊച്ചിയിലെ വിചാരണ കോടതി തള്ളിയിരുന്നു. ചികിത്സയ്ക്കായി ജാമ്യം വേണമെന്നാണ് ശിവശങ്കർ അന്നും ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കർ സുപ്രീം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും സരിത്തുമടക്കമുള്ള യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു എ ഇ കോൺസുലേറ്റാണ്. തനിക്കും സംസ്ഥാന സർക്കാരിനും ഇതിൽ പങ്കില്ല. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണ്. മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷന്‍ കേസ് എന്നും ഹര്‍ജിയില്‍ ശിവശങ്കർ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com