കെ സുധാകരന്‍ ചോദിച്ച സമയം ഒക്ടോബര്‍ 31 വരെ; ശക്തമായ നിലയില്‍ സംഘടനയെ എത്തിക്കുമെന്ന് ഉറപ്പ് നല്‍കി

കെ സുധാകരന്‍ ചോദിച്ച സമയം ഒക്ടോബര്‍ 31 വരെ; ശക്തമായ നിലയില്‍ സംഘടനയെ എത്തിക്കുമെന്ന് ഉറപ്പ് നല്‍കി

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര നേതൃത്വത്തിന് ഉറപ്പ് നല്‍കി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഒക്ടോബര്‍ 31നകം ബൂത്ത് തലം വരെ ശക്തിപ്പെടുത്തി സംഘടനയെ ശക്തമായ നിലയിലേക്ക് എത്തിക്കുമെന്നാണ് ഇന്ന് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ സുധാകരന്‍ ഉറപ്പ് നല്‍കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ച് വിശകലനം ചെയ്യാനായിരുന്നു യോഗം. ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രത്യേക നോട്ട് അവതരിപ്പിച്ചുകൊണ്ടാണ് സുധാകരന്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയം കേരളത്തില്‍ മാതൃകയാക്കണമെന്ന് സംസ്ഥാനത്തെ നേതാക്കളോട് യോഗത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കൂട്ടായ പ്രവര്‍ത്തനവും അജണ്ടയില്‍ ഊന്നിയുള്ള നീക്കവുമാണ് വിജയം നേടാന്‍ സഹായിക്കുകയെന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ യോഗത്തിലാണ് രാഹുലിന്റെ ഈ നിര്‍ദേശങ്ങള്‍.

കര്‍ണാടകയില്‍ നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് വന്‍വിജയം നേടിയത്. അതേസമയം മണിപ്പൂരിലെ സാഹചര്യം അടക്കം വിശദീകരിച്ച് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തോട് ജാഗ്രത പുലര്‍ത്തി വേണം നേതാക്കള്‍ ഇടപെടാനെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തില്‍ ഉണ്ടായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രം ഏത് തരത്തിലായിരിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായവും യോഗത്തില്‍ സംസ്ഥാനത്തെ നേതാക്കളോട് വ്യക്തമാക്കിയതായാണ് വിവരം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് വന്‍വിജയം നേടാനുള്ള സാഹചര്യമാണുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംസ്ഥാനത്തെ 20 സീറ്റുകളിലും വിജയിക്കാന്‍ കഴിയുമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പ് നല്‍കിയതായും കെ സി വേണുഗോപാല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമിതികള്‍ കേരളത്തില്‍ ഉടന്‍ സംഘടിപ്പിക്കും. കേരളത്തിലെ ജനങ്ങള്‍ ഇന്ത്യയുടെ നിലവിലെ സാഹചര്യത്തില്‍ അസ്വസ്ഥരാണ്. മണിപ്പൂര്‍ കത്തുകയാണ്. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരുന്നില്ല. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

രണ്ട് സര്‍ക്കാരുകള്‍ക്കെതിരെ ജനവികാരം ഉയരുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസിന് വന്‍ വിജയം നേടാനുള്ള സാഹചര്യമുണ്ട്. കോണ്‍ഗ്രസ് അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മറന്ന് പ്രവര്‍ത്തിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കെതിരെ കര്‍ശന നിര്‍ദ്ദേശം ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്കകത്ത് പറയേണ്ടത് അകത്ത് മാത്രം പറഞ്ഞാല്‍ മതിയെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com