നെല്ല് സംഭരണ കുടിശ്ശിക: വായ്പ ബാങ്ക് കണ്‍സോര്‍ഷ്യം നല്‍കും

2.49 ലക്ഷം കര്‍ഷകരില്‍നിന്നായി 73.11 കോടി കിലോ നെല്ലാണ് സംഭരിച്ചത്. 2070.68 കോടിയാണ് കര്‍ഷകന് നല്‍കേണ്ടത്.
നെല്ല് സംഭരണ കുടിശ്ശിക: വായ്പ ബാങ്ക് കണ്‍സോര്‍ഷ്യം നല്‍കും

തിരുവനന്തപുരം: നെല്ല് സംഭരണ കുടിശ്ശിക കര്‍ഷകര്‍ക്ക് നല്‍കാന്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് തന്നെ വായ്പ ലഭിക്കും. 420 കോടി രൂപയുടെ വായ്പയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത സീസണ്‍ മുതല്‍ കേരളാ ബാങ്കിനെ സഹകരിപ്പിക്കാന്‍ ശ്രമം നടത്തും. ആഗസ്റ്റ് 7 ന് ഭക്ഷ്യവകുപ്പ് കേരളാ ബാങ്കുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.

2022-23 സീസണില്‍ കര്‍ഷകരില്‍ നിന്ന് സപ്ലൈകോ മുഖേന സംഭരിച്ച നെല്ലിന്റെ വില മുഴുവനും കൊടുത്തു തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നേരത്തേ വായ്പ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തെ സമീപിച്ചിരുന്നെങ്കിലും അവരുടെ ചില നിബന്ധനകളില്‍ ധനവകുപ്പ് അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വായ്പ ബാങ്ക് കര്‍സോര്‍ഷ്യത്തില്‍ നിന്ന് തന്നെ നല്‍കാനാണ് തീരുമാനമായത്.

മുന്‍കാലങ്ങളില്‍ സപ്ലൈകോ നെല്ല് സംഭരിക്കുമ്പോള്‍ അവര്‍ നല്‍കുന്ന രസീതിന്റെ അടിസ്ഥാനത്തിലുള്ള തുക കര്‍ഷകര്‍ക്ക് നല്‍കുന്നത് കേരള ബാങ്കായിരുന്നു. ഇതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയായിരുന്നു നെല്ല് സംഭരണ രസീതി. വര്‍ഷാവര്‍ഷം സപ്ലൈകോയും കേരള ബാങ്കും ഒപ്പുവെക്കുന്ന ധാരണാപത്രം പ്രകാരം വായ്പയുടെ പലിശനിരക്ക് നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്‌. എന്നാല്‍ സപ്ലൈകോ നല്‍കാനുള്ള 468 കോടി കുടിശ്ശികയും പലിശയും ലഭിക്കാതെ പണം നല്‍കാനാവില്ലെന്ന് കേരള ബാങ്ക് അറിയിച്ചതോടെയാണ് 11 വര്‍ഷത്തെ ഇടപാട് അവസാനിപ്പിച്ചു കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ സപ്ലൈകോ എസ് ബി ഐ, കനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവരുമായി ചേര്‍ന്ന് ബാങ്ക് കണ്‍സോര്‍ഷ്യം രൂപവത്കരിച്ചത്.

ഇത്തവണ 2.49 ലക്ഷം കര്‍ഷകരില്‍നിന്നായി 73.11 കോടി കിലോ നെല്ലാണ് സംഭരിച്ചത്. 2070.68 കോടിയാണ് കര്‍ഷകന് നല്‍കേണ്ടത്. ഇതില്‍ ബാങ്ക് വായ്പ വഴി 800 കോടിയും സപ്ലൈകോ 720.4 കോടിയും നല്‍കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com